ലക്ഷദ്വീപിലെ ഓഖി താണ്ഡവം: നേവിയും കോസ്റ്റ്ഗാര്‍ഡും നോക്കുകുത്തികളായി

ടി  പി  ജലാല്‍
മലപ്പുറം: ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റിനു മുന്നില്‍ നാട്ടുകാര്‍ ചകിതരായതോടെ രക്ഷാപ്രവര്‍ത്തനത്തിനു കാര്യമായ തടസ്സം നേരിട്ടു. എന്നാ ല്‍, രക്ഷാപ്രവര്‍ത്തനം ചെയ്യേണ്ടവരുടെ മുഖംതിരിച്ചുള്ള പ്രവര്‍ത്തനം നാട്ടുകാരെ ക്ഷോഭിപ്പിച്ചു. ഒന്നും ചെയ്യാതെ പ്രവര്‍ത്തിച്ച കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നിലപാടാണ് ദ്വീപുകാരുടെ വേദനയ്ക്ക് ആക്കംകൂട്ടിയത്. നാട്ടുകാര്‍ക്ക് ബന്ധമുള്ളവരുടെ വാട്‌സ് ആപ്പിലുടെ ഇവര്‍ പ്രതികരിക്കുകയും ചെയ്തു. ഇവരുടെ പ്രവര്‍ത്തനം രാജ്യത്തിനുതന്നെ നാണക്കേടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.  മംഗളൂരൂവില്‍ നിന്നു ചരക്കുമായി രാത്രി 10 മണിയോടെ എത്തിയ എംഎസ്‌വി അല്‍നൂര്‍ എന്ന മഞ്ചുവും യന്ത്രത്തകരാറായ മറ്റൊരു മഞ്ചുവും കവരത്തിയുടെ കിഴക്ക് ഭാഗത്തുണ്ടായിരുന്നു. എന്നാല്‍, ഇതിലുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ നേവിയിലെയും കോസ്റ്റ് ഗാര്‍ഡിലെയും ഉദ്യോഗസ്ഥര്‍ അവരുടെ സുരക്ഷാകേന്ദ്രത്തിലിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.  മരണമുഖത്തുനിന്ന് ആളുകള്‍ നിലവിളി കൂട്ടുമ്പോള്‍ മുഖംതിരിക്കുന്ന സമീപനമാണ് സേനയില്‍നിന്നു ലഭിച്ചത്. ഇത് രാജ്യത്തിന്റെ സുരക്ഷാസേനയ്ക്കുതന്നെ നാണക്കേടാണ്. ചെറിയ ഒരു കാറ്റിനെപ്പേടിക്കുന്ന ഈ സൈന്യം പേടിച്ച് മാളത്തില്‍ ഒളിച്ചുപോയെങ്കില്‍ സുനാമി പോലുള്ള വലിയ ദുരന്തങ്ങള്‍ വരുമ്പോള്‍ ഇവരെന്ത് ചെയ്യുമെന്നും നാട്ടുകാര്‍ ചോദിച്ചു. ദ്വീപിലെ വലിയൊരു ശതമാനം ഭൂമിയും നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കൈവശത്തിലാണ്. കവരത്തി ദ്വീപ് നേവിയുടെ ബേസ് സ്‌റ്റേഷന്‍ കൂടിയാണ്. കോസ്റ്റ് ഗാര്‍ഡുകള്‍ കൈയും കെട്ടി നോക്കിനില്‍ക്കുമ്പോഴും ഇവരുടെ വെസലുകള്‍ കവരത്തി ജെട്ടിയില്‍ വെറുതെ കിടക്കുകയായിരുന്നുവത്രേ. ദുരന്തമേഘലയില്‍ സുരക്ഷയൊരുക്കേണ്ടവര്‍ മാളത്തില്‍ ഓടിയൊളിക്കുകയാണെങ്കില്‍  ഇങ്ങനെയൊരു സേനയുടെ ആവശ്യകതയെന്ത് എന്നും നാട്ടുകാര്‍ ചോദിക്കുന്നു.
അതേസമയം, രാക്ഷസ തിരമാലകള്‍ തിമിര്‍ത്താടിയപ്പോള്‍ ഒന്നിനെയും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അശോക്കുമാറിനെ വീരോജിതം പുകഴ്ത്തി. എംവി കോടിത്തല കപ്പലിന്റെ ക്യാപ്റ്റന്‍ അശോക് കുമാറും  കപ്പലിലെ മുഴുവന്‍ ജീവനക്കാരുമാണ് ദ്വീപുകാരുടെ നിലവിളിക്ക് നേരിയ ആശ്വാസം പകര്‍ന്നത്.
Next Story

RELATED STORIES

Share it