ലക്ഷത്തിലധികം സിറിയക്കാര്‍ തുര്‍ക്കി അതിര്‍ത്തിയില്‍ കുടുങ്ങി

ദമസ്‌കസ്: സിറിയ തുര്‍ക്കി അതിര്‍ത്തിയില്‍ ലക്ഷത്തിലധികം സിറിയക്കാര്‍ അകപ്പെട്ടതായി സന്നദ്ധ സംഘടന മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്). സിറിയയിലെ വടക്കന്‍ പട്ടണങ്ങളിലെ ഐഎസിന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് നാടുപേക്ഷിച്ചവരാണ് അതിര്‍ത്തിയില്‍പെട്ടത്. ഐഎസ് അടുത്തെത്തിയതിനെത്തുടര്‍ന്ന് ഹലബ് പ്രവിശ്യയിലെ അസസ് പട്ടണത്തിനു സമീപം സലാമയിലുള്ള തങ്ങളുടെ ആശുപത്രിയില്‍ നിന്നു രോഗികളെയും ജീവനക്കാരെയും മാറ്റിയതായും എംഎസ്എഫ് അറിയിച്ചു. അതേസമയം, അസസിനു സമീപമുള്ള മരേയ പട്ടണത്തില്‍ ഐഎസും പ്രതിപക്ഷ വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. മരേയയില്‍ നിന്ന് അസസിലേക്കുള്ള റോഡ് ഐഎസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് തുര്‍ക്കി അതിര്‍ത്തിയിലേക്കു കടക്കാനാവാതെ 15,000ഓളം പേരാണ് മരേയയിലകപ്പെട്ടത്. കിഴക്കന്‍ പ്രവിശ്യയായ റഖയില്‍ യുഎസ് പിന്തുണയുള്ള കുര്‍ദിഷ് അറബ് സഖ്യവുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ഹലബ് പ്രവിശ്യയിലെ മരേയയും അസസുമടക്കമുള്ള മേഖലകള്‍ ഐഎസ് ലക്ഷ്യംവച്ചത്. ടാങ്കുകളും രണ്ട് കാര്‍ബോംബുകളുമുപയോഗിച്ച് ഐഎസ് ആക്രമണം നടത്തിയതായി മരേയയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ മാമൗന്‍ ഖതീബ് അറിയിച്ചു. അതേസമയം ഐഎസ് നിയന്ത്രണത്തിലുള്ള റഖയില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണങ്ങള്‍ നടത്തി. അതിനിടെ അതിര്‍ത്തി നഗരം ഗാസിയാന്‍തേപിലെ വിമാനത്താവളത്തിനു സമീപം സിറിയയില്‍ നിന്നുള്ള രണ്ടു റോക്കറ്റ്് ഷെല്ലുകള്‍ പതിച്ചതായി തുര്‍ക്കി അറിയിച്ചു. വിമാനത്താവള ജീവനക്കാരുടെ താമസസ്ഥലത്തിനു സമീപവും ഒരു മാലിന്യ കേന്ദ്രത്തിനു സമീപവുമാണ് ഷെല്ലുകള്‍ പതിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Next Story

RELATED STORIES

Share it