ernakulam local

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

തൃപ്പൂണിത്തുറ: വിദേശത്തേക്ക് കടത്തുന്നതിനായി കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേരെ തൃപ്പൂണിത്തുറ സിഐ പി എസ് ഷിജുവും സംഘവും അറസ്റ്റു ചെയ്തു. കോട്ടയം നീണ്ടൂര്‍ ചക്കുപുരയ്ക്കല്‍ വീട്ടില്‍ ജോര്‍ജ്(31), കോട്ടയം അതിരമ്പുഴ തൊട്ടിമാലിയില്‍ അച്ചു എന്ന സന്തോഷ്(21) എന്നിവരെയാണ് കിലോയ്ക്ക് പത്തുലക്ഷത്തിലധികം വിലവരുന്ന ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുമായി കഴിഞ്ഞദിവസം രാത്രി 10ഓടെ അറസ്റ്റു ചെയ്തത്. പ്രതികള്‍ ഹാഷിഷ് ഓയിലുമായി ഷെവര്‍ലേ കാറില്‍ കോട്ടയം ഭാഗത്തുനിന്നും എറണാകുളത്തേക്കു പോകുകയായിരുന്നു. പ്രതികളെ പേട്ട ഭാഗത്തുവച്ചാണ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്ത സമയം ഒന്നാം പ്രതിയും നിരവധി കവര്‍ച്ചാ കേസുകളിലും അടിപിടി കേസുകളിലും പ്രതിയായ ജോര്‍ജ്കുട്ടി കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് അന്വേഷണ സംഘത്തിലെ പോലിസ് ഉദ്യോഗസ്ഥനായ എസ് സിപിഒ ബിനുവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെ ബലംപ്രയോഗിച്ച് കീഴ്‌പെടുത്തുകയായിരുന്നു. ഒന്നാം പ്രതിയുടെ ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ കണ്ടെടുത്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന കാറും കുത്താനുപയോഗിച്ച കത്തിയും പോലിസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ എം പി ദിനേശ് ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിലെ അംഗങ്ങളായ എഎസ്‌ഐമാരായ സുരേഷ്, മധുസൂദനന്‍, ജോസി, സിപിഒമാരായ സജിത്, ഡിനില്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള എസ് സിപിഒ ബിനുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് വധശ്രമത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റു ചെയ്തിട്ടുള്ളത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍  ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it