World

റോഹിന്‍ഗ്യ: മ്യാന്‍മര്‍ സൈന്യത്തിന്റെ കൂട്ട ബലാല്‍സംഗം ആസൂത്രിതം

ഊഖി (ബംഗ്ലാദേശ്): വംശീയമായി തുടച്ചുനീക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് റോഹിന്‍ഗ്യന്‍ സ്ത്രീകളെ മ്യാന്‍മര്‍ സൈന്യം കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതെന്ന് റിപോര്‍ട്ട്്്. ബംഗ്ലാദേശ് ക്യാംപുകളില്‍ കഴിയുന്ന 13 വയസ്സു മുതല്‍ 35 വയസ്സുവരെയുള്ള 29 റോഹിന്‍ഗ്യന്‍ വനിതകളുടെ അഭിമുഖം നടത്തിയാണ് അസോഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട് തയ്യാറാക്കിയത്. റഖൈനിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് സംഘം അഭിമുഖത്തിന് തിരഞ്ഞെടുത്തത്്. എല്ലാവരുടെയും അനുഭവങ്ങള്‍ സമാനമായിരുന്നു. 20 സ്ത്രീകള്‍ സൈന്യത്തിനെതിരേ പരസ്യമായി വിവരം നല്‍കാന്‍ തയ്യാറായതായും റിപോര്‍ട്ടില്‍ പറയുന്നു. വാര്‍ത്താസംഘം അഭിമുഖം നടത്തിയ 13കാരിയെ കഴിഞ്ഞ ആഗസ്ത് 10നാണ് മ്യാന്‍മര്‍ സൈന്യം പിച്ചിച്ചീന്തിയത്. പെണ്‍കുട്ടിയുടെ പിതാവിനെ കഴിഞ്ഞ വര്‍ഷം സൈന്യം വെടിവച്ചു കൊന്നിരുന്നു. വീട്ടിലെത്തിയ സൈനികര്‍ ആദ്യം പെണ്‍കുട്ടിയുടെ സഹോദരന്‍മാരെ  മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു. പിന്‍വാതിലിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ  പിന്തുടര്‍ന്നു പിടികൂടുകയും കൈകള്‍ മരത്തോടു കൂട്ടിക്കെട്ടുകയും ചെയ്തു. പിന്നീട് തന്റെ ആഭരണങ്ങള്‍ അഴിച്ചെടുത്ത സംഘം വസ്ത്രങ്ങള്‍ വലിച്ചുകീറി തന്നെ പിച്ചിച്ചീന്തുകയായിരുന്നുവെന്നു പെണ്‍കുട്ടി വ്യക്തമാക്കി. അഞ്ചും ആറും സൈനികര്‍ കൂട്ടമായെത്തിയാണ് സ്ത്രീകളെ ബലാല്‍സംഘത്തിനിരയാക്കിയിരുന്നത്്. വീടുകളിലെത്തുന്ന സൈന്യം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു മടങ്ങുന്നതിന് മുമ്പ് വീട്ടിലെ പുരുഷന്‍മാരെ വെടിവച്ചു കൊലപ്പെടുത്തിയതായും ഇരകള്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്തവര്‍, ഗര്‍ഭിണികള്‍ തുടങ്ങി ആരെയും സൈന്യം വെറുതെ വിട്ടിട്ടില്ല. മാതാപിതാക്കളുടെയും ഭര്‍ത്താക്കന്‍മാരുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ചായിരുന്നു ക്രൂരത. ഭര്‍ത്താക്കന്‍മാര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്  പോലും പല സ്ത്രീകള്‍ക്കും അറിയില്ല. ഇവരുടെ ഫോട്ടോയും പേരിന്റെ സൂചനയുമടക്കമാണ് അസോഷ്യേറ്റഡ് പ്രസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it