World

റോഹിന്‍ഗ്യര്‍ അക്രമികളെന്ന്; വ്യാജ ചിത്രവുമായി മ്യാന്‍മര്‍ സൈന്യം

നേപിഡോ: റോഹിന്‍ഗ്യന്‍ വിഭാഗത്തെ ആക്രമണകാരികളാക്കിയും പ്രശ്‌നത്തെ വളച്ചൊടിച്ചും മ്യാന്‍മര്‍ സൈന്യത്തിന്റെ പുസ്തകം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഇതു പുറത്തായത്. ബംഗാളികള്‍ എന്നാണ് പുസ്തകത്തിലുടനീളം റോഹിന്‍ഗ്യന്‍ വിഭാഗത്തെ പരാമര്‍ശിച്ചിരിക്കുന്നത്. റോഹിന്‍ഗ്യര്‍ അനധികൃത കുടിയേറ്റക്കാരാണെന്നു സ്ഥാപിക്കാനും അവര്‍ ധാരാളം അക്രമങ്ങള്‍ രാജ്യത്തു നടത്തിയിട്ടുണ്ടെന്നു വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമമാണ് പുസ്തകത്തിലുള്ളത്.പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ഥത്തില്‍ 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമര കാലത്ത് പാകിസ്താന്‍ സൈന്യം നടത്തിയ കൂട്ടക്കൊലയുടേതാണെന്നു റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. താന്‍സാനിയയിലെ പലായനത്തിന്റെ ചിത്രങ്ങള്‍ പോലും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമെന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വസ്തുതകളും വളരെ തെറ്റിദ്ധാരണാജനകമായ രീതിയിലാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.“ മ്യാന്‍മറില്‍ ഭരണമാറ്റമോ വംശീയ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അതു മുതലെടുക്കാനാണ് “ബംഗാളികള്‍’ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിംകള്‍ ശ്രമിക്കുന്നുണ്ടെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഉള്ളടക്കത്തില്‍ മിക്കതും സൈന്യത്തിന്റെ “ട്രൂ ന്യൂസ്’ യൂനിറ്റില്‍ നിന്നു ലഭ്യമായിട്ടുള്ളതാണെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് വംശീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു ഫേസ്ബുക്ക് മ്യാന്‍മര്‍ സൈനിക മേധാവിയുടെ പ്രൊഫൈല്‍ റദ്ദാക്കിയത്. നടപടി വേണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയും മുന്നോട്ടുവന്നിരുന്നു.
Next Story

RELATED STORIES

Share it