റോഹിന്‍ഗ്യരെ തടയണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: റോഹിന്‍ഗ്യര്‍ വംശജര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്തു പ്രവേശിക്കുന്നതില്‍ നിന്ന് റോഹിന്‍ഗ്യകള്‍ ഉള്‍പ്പെടെ എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരെയും തടയണമെന്നാണ് ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി അനുജ് ശര്‍മ സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലുള്ളത്. സംസ്ഥാനങ്ങളിലുള്ള റോഹിന്‍ഗ്യകള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ എത്രയും വേഗം അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാങ്ങളില്‍ റോഹിന്‍ഗ്യകള്‍ അടക്കമുള്ള വിദേശ കുടിയേറ്റക്കാര്‍ താമസിക്കുന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ട്. ചില കുടിയേറ്റക്കാര്‍ രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ വേഗം തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഏതു നിയമവിരുദ്ധ കുടിയേറ്റങ്ങളും ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണ്.
ഭീകരപ്രവര്‍ത്തനം, കള്ളപ്പണം വെളുപ്പിക്കല്‍, ദേശവിരുദ്ധ പ്രവര്‍ത്തനം എന്നീ കേസുകളില്‍ ചില റോഹിന്‍ഗ്യന്‍ വംശജര്‍ ഏര്‍പ്പെട്ടതായും ചിലര്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡുകളും സാക്ഷ്യപത്രങ്ങളും സ്വന്തമാക്കിയിട്ടുണ്ടെന്നും കത്ത് പറയുന്നു. ഇത്തരക്കാരില്‍ കൂടുതല്‍ പേരും നിയമവിരുദ്ധമായാണ് ഇന്ത്യയിലേക്ക് എത്തിയത്. ഇടനിലക്കാര്‍ മുഖേനയും ഏജന്റുമാര്‍ മുഖേനയുമാണ് ഇവര്‍ അതിര്‍ത്തി കടന്നത്. ഈ സാഹചര്യത്തില്‍ പ്രധാനമായും കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ അഞ്ചു നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കത്തില്‍ പറയുന്നുണ്ട്. നിലവില്‍ ഇന്ത്യയിലുള്ള എല്ലാ കുടിയേറ്റക്കാരുടെയും താമസസ്ഥലങ്ങള്‍ കണ്ടെത്തി അവരുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലിസും ക്രൈംബ്രാഞ്ചും നിരീക്ഷിക്കണം.
പേര്, സ്ഥലം, ജനനസ്ഥലം, വയസ്സ്, ലിംഗം, പൗരത്വമുള്ള നാട്ടിലെ വിലാസം, മാതാപിതാക്കള്‍, ജോലി തുടങ്ങിയവ ഉള്‍പ്പെടെ എല്ലാവരുടെയും വിവരം ഖേരിക്കണം.  ഇവരുടെ ബയോമെട്രിക്കല്‍ അടയാളങ്ങള്‍ ശേഖരിക്കുക. ഇതുമൂലം ഒന്നില്‍ അധികം ഐഡി കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നത് തടയാന്‍ കഴിയും. രോഹിന്‍ഗ്യകള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ അതോറിറ്റിക്ക് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. റോഹിന്‍ഗ്യകളെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയം മുഖേന മ്യാന്‍മര്‍ അധികൃതരുമായി പങ്കുവച്ച് അവയുടെ യാഥാര്‍ഥ്യം പരിശോധിക്കണം. കുടിയേറ്റക്കാരുടെ ചലനങ്ങളും പ്രവര്‍ത്തനങ്ങളും യാത്രകളും നിരീക്ഷിക്കണം. തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
Next Story

RELATED STORIES

Share it