Second edit

റോഹിന്‍ഗ്യരുടെ ഭാവി



മ്യാന്‍മറിലെ റാഖൈന്‍ പ്രദേശത്തുനിന്ന് ജീവനുംകൊണ്ട് ഓടിയ റോഹിന്‍ഗ്യരില്‍ മഹാഭൂരിപക്ഷവും ഇപ്പോള്‍ ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. കഴിഞ്ഞ മാസം പകുതിവരെയുള്ള കണക്കുപ്രകാരം 5,20,000 അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നു. അവര്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ കഴിയുകയാണ്. അതീവ ഗുരുതരമാണ് ക്യാംപുകളിലെ അവസ്ഥ. ദീര്‍ഘകാലം അവരെ അങ്ങനെ കഴിയാന്‍ അനുവദിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനും സാധ്യമാവില്ല. ബംഗ്ലാദേശ് സാമ്പത്തികമായി പ്രയാസപ്പെടുന്ന ഒരു രാജ്യമാണ്. അയല്‍പക്കത്തു നിന്ന് ഓടിവരുന്നവര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുക്കാനുള്ള വക അവരുടെ കൈയിലില്ല. മ്യാന്‍മര്‍ പറയുന്നത് ഓടിപ്പോയ അഭയാര്‍ഥികളെ തിരിച്ചെടുക്കുമെന്നാണ്. അന്താരാഷ്ട്ര സമ്മര്‍ദം വന്നപ്പോഴാണ് അതിനുള്ള ചില നീക്കങ്ങള്‍ അവര്‍ നടത്തിയത്.  പക്ഷേ, അധികൃതര്‍ പറയുന്നത് തിരിച്ചെടുക്കല്‍പ്രക്രിയ അത്ര വേഗത്തില്‍ നടക്കുകയില്ലെന്നാണ്. തിരിച്ചുവരുന്നവര്‍ തങ്ങളുടെ പ്രദേശത്തുനിന്നു പോയവര്‍ തന്നെയാണെന്നു തെളിയിക്കുന്ന രേഖകള്‍ വേണം. അതില്ലെങ്കില്‍ മറ്റു പരിശോധനകള്‍ വേണ്ടിവരും. അതിനാല്‍ പ്രതിദിനം 150-200 പേരെ തിരിച്ചെടുക്കാനുള്ള സംവിധാനമേ ഇപ്പോള്‍ ഒരുക്കാനാവുകയുള്ളൂ എന്നാണ് മ്യാന്‍മര്‍ നിലപാട്. എന്നുവച്ചാല്‍ ഇപ്പോള്‍ ബംഗ്ലാദേശില്‍ കഴിയുന്ന അഞ്ചരലക്ഷം പേരെ തിരിച്ചെടുക്കാന്‍ ചുരുങ്ങിയത് 10 വര്‍ഷം വേണ്ടിവരുമെന്നാണ് അര്‍ഥം. അത് ബംഗ്ലാദേശിന് അംഗീകരിക്കാനാവുകയില്ല. റോഹിന്‍ഗ്യരുടെ ഭാവി രണ്ടു രാജ്യങ്ങളും തമ്മിലുള്ള വലിയ തര്‍ക്കങ്ങള്‍ക്കാണു വഴിവയ്ക്കുന്നത്.
Next Story

RELATED STORIES

Share it