Flash News

റോഹിന്‍ഗ്യരുടെ കൊലപാതകത്തില്‍ പങ്ക് സമ്മതിച്ചു മ്യാന്‍മര്‍ സൈന്യം

നേപിഡോ: റഖൈനിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കുണ്ടെന്നു സമ്മതിച്ചു മ്യാ ന്‍മര്‍ സൈന്യം. ഇന്‍ ദിനില്‍ കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ 10 റോഹിന്‍ഗ്യരുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമാണു സൈന്യം ഏറ്റെടുത്തത്. അക്രമത്തിനു കാരണക്കാരായ ഗ്രാമവാസികള്‍ക്കെതിരേയും നിയമം ലംഘിച്ച സൈനികര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സൈനിക അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഒരു ശ്മശാനത്തില്‍ വച്ചാണ് ഇവരെ കൊല്ലണമെന്ന തീരുമാനമെടുത്തതെന്നും സൈന്യം വ്യക്തമാക്കുന്നുണ്ട്.  സപ്തംബര്‍ ഒന്നിനു റഖൈന്‍ തലസ്ഥാനമായ സിത്‌വക്കു സമീപം ഇന്‍ദിന്‍ പ്രവിശ്യയില്‍ 200ഓളം പേര്‍ വടിയുമായി സൈന്യത്തെ ആക്രമിച്ചിരുന്നു. അക്രമികളെ പിരിച്ചുവിടാനായി സൈന്യം ആകാശത്തേക്കു വെടിവയ്ക്കുകയും 10 പേരെ പിടികൂടുകയും ചെയ്തു. പിന്നീട് ഇവരെ കുഴിമാടം കണ്ടെത്തിയ ഗ്രാമത്തിലേക്കു തന്നെ കൊണ്ടു പോയി. സപ്തംബര്‍ രണ്ടിന് ഇവിടെ ഗ്രാമവാസികള്‍ പ്രതിഷേധവുമായെത്തി.  അറസ്റ്റിലായവരെ രക്ഷപ്പെടുത്തി കൊണ്ടു പോവാനും ശ്രമമുണ്ടായി. ഇതിനിടെ നാലു സൈനികര്‍ ഗ്രാമവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു.
ഇന്‍ദിന്‍ ഗ്രാമത്തില്‍ അക്രമം വ്യാപകമായതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഇവരെ കൊലപ്പെടുത്തിയതെന്നും സൈനികവൃത്തങ്ങള്‍ അവകാശപ്പെട്ടു.  ഇത്തരം സംഭവങ്ങള്‍ അപമാനകരമാണെന്നും ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും ആംനസ്റ്റി ഇന്റര്‍ നാഷനല്‍ അറിയിച്ചു.
മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യരെ വംശഹത്യക്ക് ഇരയാക്കിയതായി യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ആരോപണം ഉന്നയിച്ചിട്ടും സൈന്യം അതു നിഷേധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it