റോഹിന്‍ഗ്യന്‍ സ്ത്രീകളെ മനുഷ്യക്കടത്തുകാര്‍ചൂഷണം ചെയ്യുന്നു

ധക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളിലെത്തുന്ന റോഹിന്‍ഗ്യന്‍ സ്ത്രീകളെ മനുഷ്യക്കടത്തുകാര്‍ ലൈംഗിക അടിമകളാക്കുന്നതായി വെളിപ്പെടുത്തല്‍. സെക്‌സ് റാക്കറ്റുകളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടികളാണ് സന്നദ്ധ സംഘടനകളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സപ്തംബറില്‍ ബംഗ്ലാദേശിലെത്തിയ തന്നെ രണ്ട് സ്ത്രീകള്‍ സമീപിക്കുകയും സുരക്ഷിതമായ ഇടത്തെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സെക്‌സ് റാക്കറ്റുകളിലെത്തിക്കുകയുമായിരുന്നെന്ന് 15കാരിയായ ഒരു റോഹിന്‍ഗ്യന്‍ പെണ്‍കുട്ടി പറഞ്ഞു. മൂന്നാഴ്ചയോളം തടവില്‍ വച്ചശേഷം തന്നെ ഒരു ബംഗ്ലാദേശി പുരുഷന് ലൈംഗിക അടിമയായി വില്‍പന നടത്തിയതായും പെണ്‍കുട്ടി പറഞ്ഞു. 12 ദിവസത്തോളം ക്രൂരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു. കൊല്ലുമെന്ന്് ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ മാതാപിതാക്കള്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ മോര്‍ട്ടാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷമാണ് പലായനം ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു.  ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളിലെത്തുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്ന് യുഎന്നിന്റെ ഭാഗമായ അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐഒഎം) ആവശ്യപ്പെട്ടു. സെക്‌സ് റാക്കറ്റുകളിലേക്കു പെണ്‍കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ കോക്‌സ് ബസാറിലെ അഭയാര്‍ഥി ക്യാംപുകള്‍ ലക്ഷ്യമിടുന്നതായി ഐഒഎം പ്രതിനിധി ഒലിവിയ ഹെഡോണ്‍ പറഞ്ഞു. കൂടുതല്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളുടെ ഭാഗമാവുന്നതായും അവര്‍ പറഞ്ഞു. മനുഷ്യക്കടത്ത് ഇരകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരെ ക്രിമിനല്‍ സംഘങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. തായ്‌ലന്‍ഡ്- മലേസ്യ അതിര്‍ത്തിയിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ സ്ത്രീകളും സമാനമായ ചൂഷണങ്ങള്‍ നേരിട്ടിരുന്നതായി 2015ല്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തായ്‌ലന്‍ഡിലെ സൈനിക ജനറലടക്കമുള്ളവര്‍ ഇതുസംബന്ധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it