Flash News

റോഹിന്‍ഗ്യന്‍ വംശഹത്യ : പലായനം ചെയ്യാന്‍ ശ്രമിച്ചവരെയും മ്യാന്‍മര്‍ സൈന്യം കൊലപ്പെടുത്തി



ന്യൂയോര്‍ക്ക്്: റാഖൈന്‍ സംസ്ഥാനത്തുനിന്ന് പലായനം ചെയ്യാന്‍ ശ്രമിച്ച നിരവധി റോഹിന്‍ഗ്യരെ മ്യാന്‍മര്‍ സൈന്യം കൊലപ്പെടുത്തിയതിന് തെളിവുകള്‍ ലഭിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ദൃക്‌സാക്ഷികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. സൈനികര്‍ റോഹിന്‍ഗ്യരെ കുത്തിക്കൊല്ലുകയും വെടിവച്ച് കൊല്ലുകയുമായിരുന്നു. റോഹിന്‍ഗ്യന്‍ സ്ത്രീകളെ സൈനികര്‍ ബലാല്‍സംഗം ചെയ്തു. ആഗസ്ത് 27ന്  മൗങ്‌നു ഗ്രാമത്തിലെ ഒരു കെട്ടിടത്തില്‍ അഭയം തേടിയപ്പോഴായിരുന്നു വീണ്ടും സൈന്യത്തിന്റെ ആക്രമണം നേരിടേണ്ടി വന്നതെന്നും റോഹിന്‍ഗ്യരുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപോര്‍ട്ടുകളില്‍ പറയുന്നു. മൗങ്‌നുവിലെ ആക്രമണങ്ങളെ അതിജീവിച്ച 14 റോഹിന്‍ഗ്യരാണ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രതിനിധികള്‍ക്കു മുമ്പാകെ മൊഴിനല്‍കിയത്. നൂറുകണക്കിന് റോഹിന്‍ഗ്യര്‍ അന്ന് കെട്ടിടത്തില്‍ അഭയം തേടിയിരുന്നതായും അവര്‍ അറിയിച്ചു. റോഹിന്‍ഗ്യര്‍ പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും കെട്ടിടത്തിന്റെ വരാന്തയിലേക്കു വിളിച്ചുവരുത്തി സൈന്യം വെടിവച്ചോ വെട്ടിയോ കൊലപ്പെടുത്തി. അവരുടെ മൃതദേഹങ്ങള്‍ സൈന്യത്തിന്റെ ട്രക്കുകളുപയോഗിച്ച് കടത്തിയതായും സാക്ഷികള്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗ്രാമീണരുടെ കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചില സാക്ഷികളോട് സംസാരിച്ചപ്പോള്‍ 100ലധികം മൃതദേഹങ്ങള്‍ കണ്ടതായി അവര്‍ പറഞ്ഞിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ മൗങ്‌നുവും സമീപ ഗ്രാമമായ പോങ്‌തോ പ്യിനും ഏതാണ്ട് പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഗ്രാമങ്ങള്‍ ചുട്ടെരിച്ച രീതിയിലായിരുന്നു കാണപ്പെട്ടതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതിനിധികള്‍ അറിയിച്ചു. മ്യാന്‍മര്‍ സൈന്യത്തിന്റെ ഭീകരതകള്‍ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഏഷ്യാ ഡയറക്ടര്‍ ഫില്‍ റോബര്‍ട്ട്‌സണ്‍ പ്രതികരിച്ചു. ഈ അതിക്രമങ്ങളോട് വാക്കുകള്‍ക്കപ്പുറമുള്ള പ്രതികരണമാണ് ലോകരാജ്യങ്ങളില്‍ നിന്നുണ്ടാവേണ്ടത്. മ്യാന്‍മര്‍ സര്‍ക്കാരിനെതിരേ ശക്തമായ നടപടിക്ക് ലോകരാജ്യങ്ങളും യുഎന്‍ അടക്കമുള്ള ഏജന്‍സികളും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിക്കാന്‍ സര്‍ക്കാരുകളും യുഎന്‍ രക്ഷാ സമിതിയും തയ്യാറാവണം. പീഡനങ്ങളില്‍ പങ്കാളികളായ സൈനിക ഉദ്യോഗസ്ഥരുടെ സ്വത്ത് മരവിപ്പിക്കുന്നതും വിദേശയാത്രകള്‍ വിലക്കുന്നതുമുള്‍പ്പെടെയുള്ള ഉപരോധം പ്രഖ്യാപിക്കണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. 12 ലക്ഷത്തോളം വരുന്ന റോഹിന്‍ഗ്യര്‍ക്ക് സഹായമെത്തിക്കുന്നതിനായി അടുത്ത ആറുമാസത്തേക്ക്് 43.4 കോടി ഡോളര്‍ ആവശ്യമുള്ളതായും സംഘടന അറിയിച്ചു.
Next Story

RELATED STORIES

Share it