World

റോഹിന്‍ഗ്യന്‍ വംശഹത്യ: കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്‌

നേപിഡോ: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ നേരിട്ട വംശഹത്യയുടെ ഭീകരത വ്യക്തമാക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ കത്തിച്ചു ചാമ്പലാക്കിയ നൂറുകണക്കിന് റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. റോഹിന്‍ഗ്യകള്‍ക്കു നേരെ നടന്ന വംശഹത്യയുടെ തീവ്രത വെളിപ്പെടുത്തുന്നതാണ് യുഎന്‍ സാറ്റലൈറ്റ് ആപ്ലിക്കേഷന്‍ പ്രോഗ്രാം പുറത്തുവിട്ട ചിത്രങ്ങള്‍. റാഖൈനിലും സമീപ പ്രദേശങ്ങളിലുമായി ആഗസ്ത 25 മുതല്‍ നവംബര്‍ 25 വരെ മാത്രം 110 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 354 ഗ്രാമങ്ങളാണ് തീവ്ര ബുദ്ധരടങ്ങുന്ന സംഘം കത്തിച്ചു ചാമ്പലാക്കിയത്. റോഹിന്‍ഗ്യരെ വംശഹത്യ നടത്തി ഉന്‍മൂലനം ചെയ്യുക തന്നെയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യമെന്ന് ചിത്രങ്ങള്‍ അടിസ്ഥാനമാക്കി യുഎന്‍ പുറത്തുവിട്ട റിപോര്‍ട്ട് പറയുന്നു. അതേസമയം, പുതിയ ചിത്രങ്ങളും റിപോര്‍ട്ടുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈന്യത്തെ ന്യായീകരിച്ച് മ്യാന്‍മര്‍ രംഗത്തെത്തി. സൈനിക ക്യാംപുകള്‍ക്കു നേരെ റോഹിന്‍ഗ്യര്‍ നടത്തിയ ആക്രമണം പ്രതിരോധിക്കുക മാത്രമാണ് സൈന്യം ചെയ്തതെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. റോഹിന്‍ഗ്യന്‍ അക്രമികള്‍ സ്വയം ഗ്രാമങ്ങള്‍ക്ക് തീവയ്ക്കുകയായിരുന്നു. സംഭവങ്ങളെക്കുറിച്ച് സൈന്യം ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it