Flash News

റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ : ലോക നേതാക്കള്‍ ഇടപെടണം - ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍



ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് ലോക നേതാക്കളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് 30 ഓളം ദക്ഷിണേഷ്യന്‍ അഭിനേതാക്കളുടെയും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെയും തുറന്ന കത്ത്. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്ത ലോക നേതാക്കളുടെ നിലപാടിനെ കത്തില്‍ അപലപിക്കുന്നു. 1990കളിലെ റുവാണ്ടന്‍ വംശഹത്യയെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന കത്തില്‍ ഇപ്പോള്‍ മ്യാന്‍മറിലേക്ക് ശ്രദ്ധതിരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. റിസ് അഹ്മദ്, ശ്രുതി ഗാംഗുലി, ഹീംസ്, അസീസ് അന്‍സാരി, നന്ദിതാ ദാസ്, കുമൈല്‍ നാന്‍ജിയാനി, ഫ്രിദ പിന്റോ, മനീഷ് ദയാല്‍, കമീല്‍ ഷാംസി തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ളവരാണ് ദ ജീനോസൈഡ് അണ്ടര്‍ അവര്‍ നോസസ് (നമ്മുടെ മൂക്കിനു താഴെയുള്ള വംശഹത്യ) എന്ന തുറന്ന കത്തില്‍ ഒപ്പുവച്ചത്. ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ 11 ആഴ്ചയ്ക്കിടെ ആറ് ലക്ഷത്തോളം റോഹിന്‍ഗ്യര്‍ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തു നിന്ന് പലായനം ചെയ്തു. ആകെ റോഹിന്‍ഗ്യന്‍ ജനസംഖ്യയുടെ പകുതിയോളം വരുമിത്. നൂറുകണക്കിന് പേര്‍ ഇപ്പോഴും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്നതായി വാര്‍ത്തകളും പുറത്തുവരുന്നു. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു. അഭയാര്‍ഥികളുടെ അഭൂതപൂര്‍വമായ ഒഴുക്കാണ് റാഖൈനില്‍ നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് ഇപ്പോഴുണ്ടായത്. മ്യാന്‍മര്‍ സൈന്യം വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കുന്നതിന്റെയും സൈന്യം നടത്തുന്ന കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും വിവരങ്ങളാണ് അഭയാര്‍ഥികള്‍ വെളിപ്പെടുത്തുന്നത്. ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ഥി പ്രവാഹം മാനുഷിക പ്രതിസന്ധിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ യുഎന്നിന്റെ പ്രതികരണങ്ങള്‍ പുറത്തുവന്നെങ്കിലും ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്നു വേണ്ടത്ര ഇടപെടലുണ്ടായിട്ടില്ല. റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ ആശങ്കയറിയിച്ച യുഎന്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ അധികാരപ്രയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ബ്രിട്ടണും ഫ്രാന്‍സും പ്രമേയം അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും റഷ്യയും ചൈനയും വീറ്റോ അധികാരം പ്രയോഗിച്ച് തടയാന്‍ സാധ്യതയുള്ളതിനാല്‍ പിന്നീട് പിന്‍മാറിയിരുന്നു.
Next Story

RELATED STORIES

Share it