Flash News

റോഹിന്‍ഗ്യന്‍ കുട്ടികളുടെ തടവ് : അവകാശ ലംഘനങ്ങളില്ലെന്ന് ഉറപ്പാക്കണമെന്ന് മ്യാന്‍മറിനോട് യുഎന്‍



ജനീവ: തടങ്കലില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ കുട്ടികളുടെ അവകാശങ്ങളും ആരോഗ്യ പരിരക്ഷയും തടസ്സപ്പെടുന്നില്ലെന്ന്് ഉറപ്പുവരുത്തണമെന്ന് മ്യാന്‍മറിനോട് യുഎന്‍. കുട്ടികളുടെ സ്വാതന്ത്ര്യം മനപ്പൂര്‍വം ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാവരുതെന്നും ഇവര്‍ ഉള്‍പ്പെട്ട കേസുകളില്‍ സമയബന്ധിതമായി വിചാരണാനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മ്യാന്‍മറിലെ യുഎന്‍ മനുഷ്യാവകാശ വിഭാഗം അന്വേഷണ ഉദ്യോഗസ്ഥ യാങ് ലി പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികളുടെ പ്രായം പരിഗണിച്ച് അവരോട് മാന്യമായി പെരുമാറണമെന്നു മ്യാന്‍മര്‍ അധികൃതരോട്് ആവശ്യപ്പെട്ടിരുന്നതായും ലീ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച സൈനിക നടപടിക്കിടെയാണ് കുട്ടികളടക്കം നൂറുകണക്കിന് റോഹിന്‍ഗ്യന്‍ വിഭാഗക്കാരെ മ്യാന്‍മര്‍ കസ്റ്റഡിയിലെടുത്തത്. സായുധപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു 10വയസ്സുള്ള കുട്ടികളടക്കമുള്ളവരെ  സുരക്ഷാസേന തടവിലാക്കിയത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ റാഖൈന്‍ സംസ്ഥാനത്ത്് പോലിസ് പോസ്റ്റുകള്‍ റോഹിന്‍ഗ്യന്‍ വിഭാഗക്കാരായ സായുധപ്രവര്‍ത്തകര്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സൈനിക നടപടി ആരംഭിച്ചതെന്നാണ് മ്യാന്‍മറിന്റെ വിശദീകരണം. സൈനിക നടപടിയെത്തുടര്‍ന്ന്് 75,000ത്തോളം റോഹിന്‍ഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക്് പലായനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it