Flash News

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെക്കുറിച്ച് നുണപ്രചാരണവുമായി സംഘപരിവാരം

ന്യൂഡല്‍ഹി: അഭയാര്‍ഥി വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയ ലാക്കോടെയുള്ള വ്യാജ പ്രചാരണവുമായി സംഘപരിവാരം. പെട്രോള്‍-ഡീസല്‍ വില ഒരല്‍പം വര്‍ധിച്ചപ്പോള്‍ പ്രതിപക്ഷം ഒന്നാകെ പ്രതിഷേധിക്കുന്നു. എന്നാല്‍, രാജ്യത്തെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം 11 കോടിയിലെത്തിയിട്ടും എല്ലാവരും നിശ്ശബ്ദത പാലിക്കുന്നുവെന്നാണ് വികാസ് പാണ്ഡെ കൈകാര്യം ചെയ്യുന്ന 'ഐ സപ്പോര്‍ട്ട് നരേന്ദ്രമോദി' എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയിലെ പ്രമുഖ നേതാക്കളും ഉള്‍പ്പെടെ 1.5 കോടിയോളം പേര്‍ പിന്തുടരുന്നതാണ് ഈ പേജ് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 3000 ലധികം പേരാണ് സോഷ്യല്‍ തമാശ എന്ന ഫേസ്ബുക്ക് പേജിനെ അടിസ്ഥാനമാക്കിയുള്ള ഈ നുണ പങ്കുവച്ചത്. വലതുപക്ഷ അനുകൂല ഫേസ്ബുക്ക് പേജുകളിലും സമാനമായി ഇത്തരം നുണകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നുണ്ട്.
2017ല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റ് മുമ്പാകെ വച്ച കണക്കുപ്രകാരം ഇന്ത്യയിലെ ആകെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം 40,000 മാത്രമാണെന്നിരിക്കെയാണ് വര്‍ഗീയ ലാക്കോടെയുള്ള ഈ ദുഷ്പ്രചാരണം. മ്യാന്‍മറിലെ ആകെയുള്ള 5.3 കോടി ജനസംഖ്യയില്‍ 10 ലക്ഷം മാത്രമാണ് റോഹിന്‍ഗ്യകളെന്നിരിക്കെ ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ 11 കോടി കവിഞ്ഞു എന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനം എന്താണെന്ന് ചിലര്‍ മറുചോദ്യം ഉന്നയിക്കുന്നുണ്ട്.
സംഘ അനുകൂല ഫേസ്ബുക്ക് പോസ്റ്റുകളില്‍ ഇന്ത്യയില്‍ താമസിക്കുന്ന എട്ടുകോടി ബംഗ്ലാദേശി ജനസംഖ്യയെപ്പറ്റിയും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം നടന്ന 1971ലാണ് 70 ലക്ഷത്തോളം അഭയാര്‍ഥികള്‍ ഇന്ത്യയിലെത്തിയത്. പക്ഷേ, പിന്നീടുള്ള നാളുകളില്‍ അഭയാര്‍ഥിപ്രവാഹത്തിന്റെ നിരക്ക് നന്നേ കുറഞ്ഞെന്നാണ് അതിര്‍ത്തിസുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ബംഗ്ലാദേശില്‍ നിലവില്‍ അനുകൂല സാഹചര്യമുള്ളപ്പോള്‍ ഇന്ത്യയിലേക്കു കുടിയേറേണ്ട ആവശ്യമില്ലെന്നും പിന്നെ വരുന്നവര്‍ സാംസ്‌കാരിക, കുടുംബബന്ധങ്ങള്‍ മാത്രമുള്ളവരാണെന്നും ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിസംരക്ഷണസേനാ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. നുണ പലയാവര്‍ത്തി പറഞ്ഞ് സത്യമാക്കി മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന തന്ത്രമാണ് ഇത്തരം നുണപ്രചാരണങ്ങളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

Next Story

RELATED STORIES

Share it