Flash News

റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയം: കോടതി ഇടപെടേണ്ടെന്ന് വാദിച്ച് കേന്ദ്രസര്‍ക്കാര്‍ വീണ്ടും

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രിംകോടതിയില്‍. ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമായി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത്തരമൊരു നിലപാടെടുത്താല്‍ മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങളും ഇവിടേക്ക് ഒഴുകുമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സാവകാശം അനുവദിക്കണമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഭരണഘടന പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ കടമ. കരുണ കാണിക്കേണ്ട വിഷയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അടുത്തമാസം ഏഴിനു വീണ്ടും വാദം കേള്‍ക്കുന്നതിനു മുമ്പ് മറുപടി സത്യവാങ്മൂലം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.ഹരജിക്കാരുടെ വിശദാംശങ്ങളില്‍ നിന്ന് ഇതിലെ മാനുഷികവശം വ്യക്തമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് രാജ്യത്തെ നിയമങ്ങള്‍ ബാധകമാവുന്ന പോലെ ഇന്ത്യയിലേക്കു പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും ഇത് ബാധകമാണോ എന്നും അദ്ദേഹം ചോദിച്ചു. അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് ഇന്ത്യയുടെ രാജ്യാന്തര അഭയാര്‍ഥി നയത്തിന്റെ ലംഘനമാണെന്നായിരുന്നു ഇതിനോട് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.  മറ്റു രാജ്യങ്ങളില്‍ നിന്ന് ഹിന്ദു, സിഖ് അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്ന നയം കേന്ദ്രസര്‍ക്കാരിനുണ്ട്. എന്തുകൊണ്ട് മുസ്‌ലിം അഭയാര്‍ഥികളെ സ്വാഗതം ചെയ്തുകൂടെന്നും അദ്ദേഹം ചോദിച്ചു. അതിര്‍ത്തിയിലെ അഭയാര്‍ഥികളോടു ചുരുങ്ങിയ മാനുഷിക ധാര്‍മികതയാവാമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശ്വിനികുമാര്‍ പറഞ്ഞു. അതിര്‍ത്തികളിലെത്തുന്ന അഭയാര്‍ഥികളെ കുരുമുളക് സ്‌പ്രേയും ഗ്രനേഡുകളും ഉപയോഗിച്ച് തിരിച്ചയക്കുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. രോഹിന്‍ഗ്യകള്‍ പ്രവേശിക്കുന്നത് തടയരുതെന്ന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഭൂഷണ്‍ വാദിച്ചു. അഭയാര്‍ഥികളെ നാടുകടത്താനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ചോദ്യം ചെയ്ത് യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത രോഹിന്‍ഗ്യന്‍ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജിയാണ്‌കോടതിയുടെ പരിഗണനയിലുള്ളത്.
Next Story

RELATED STORIES

Share it