Flash News

റോഹിന്‍ഗ്യന്‍ വിഷയം : സ്വീകരിക്കേണ്ടത് മനുഷ്യത്വപരമായ സമീപനമല്ലെ? -സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനമല്ലെ സ്വീകരിക്കേണ്ടതെന്ന് സുപ്രിംകോടതി.  വൃദ്ധരും സ്ത്രീകളും കുഞ്ഞുങ്ങളും രോഗികളും അടങ്ങുന്ന രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ സംരക്ഷിക്കാനും രാജ്യാന്തര ഉടമ്പടികള്‍ പൂര്‍ത്തിയാക്കാനും ഇന്ത്യക്കു കഴിയുമോയെന്നും കോടതി ആരാഞ്ഞു. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധ വംശീയവാദികളും സൈന്യവും നടത്തുന്ന വംശഹത്യയില്‍ നിന്നു രക്ഷതേടി ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമര്‍ശങ്ങള്‍. കേസിലെ നിയമവശങ്ങള്‍ മാത്രമെ കോടതി പരിശോധിക്കൂവെന്നും വൈകാരിക ഘടകങ്ങള്‍ പരിഗണിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകള്‍ പരസ്പര യോജിപ്പോടെ മാനുഷിക പരിഗണന നല്‍കി തീര്‍പ്പാക്കണം. അതിനാല്‍, കേസിലേക്കു വൈകാരികത കൊണ്ടുവരരുതെന്ന് ഇരുകക്ഷികളോടും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രാജ്യാന്തര ഉടമ്പടിരേഖകളും സമര്‍പ്പിക്കണമെന്നും ഇരുവിഭാഗത്തോടും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഈമാസം 13ലേക്കു മാറ്റിവച്ചു.കേസ് അല്‍പാല്‍പ്പമായി കേള്‍ക്കുന്നതില്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്നും വിവിധ ഘടകങ്ങള്‍ അടങ്ങിയതിനാലും പ്രത്യാഘാതങ്ങള്‍ ഉള്ളതിനാലും വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിച്ചു. അഭയാര്‍ഥികളെ നാടുകടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ കോടതി ഇടപെടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. ഈ വിഷയം കോടതിയുടെ അധികാര പരിധിക്കു പുറത്താണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. 32ാം വകുപ്പുപ്രകാരം ഒരാള്‍ കോടതിയെ സമീപിച്ചാല്‍ അതുപരിഗണിക്കേണ്ടതുണ്ടെന്നും ബെഞ്ച് മറുപടി പറഞ്ഞു. ജീവിക്കാനുള്ള അവകാശം സംബന്ധിച്ച 21ാംവകുപ്പ്, മറ്റൊരുനാട്ടില്‍ നിന്നും അഭയമന്വേഷിച്ചെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരെയും സംരക്ഷിക്കുന്നതാണ്. നമ്മുടെ ഭരണഘടന ഫ്രാന്‍സിലേതു പോലെ വ്യക്തികളുടെ അവകാശത്തിലധിഷ്ഠിതമാണ്. റോഹിന്‍ഗ്യകളുടെ വിഷയത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണെന്ന് നരിമാന്‍ ആരോപിച്ചു. ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളോട് അനുകമ്പ കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ റോഹിന്‍ഗ്യകളുടെ കാര്യത്തില്‍ മാത്രം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്‍ അഭയാര്‍ഥി ഹൈക്കമ്മീഷനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത രോഹിന്‍ഗ്യന്‍ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ശഖീറും സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതിയുടെ മുമ്പാകെയുള്ളത്. അതേസമയം, കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി.
Next Story

RELATED STORIES

Share it