Flash News

റോഹിന്‍ഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ ബംഗ്ലാദേശ്-മ്യാന്‍മര്‍ ധാരണ

ധക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനുള്ള പദ്ധതിക്ക് മ്യാന്‍മറുമായി ധാരണയിലെത്തിയതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുല്‍ഹസന്‍ മഹ്മൂദ് അലി. റോഹിന്‍ഗ്യകളെ തിരിച്ചു സ്വീകരിക്കാന്‍ മ്യാന്‍മര്‍ സന്നദ്ധത അറിയിച്ചതായും അദ്ദേഹം അറിയിച്ചു. മ്യാന്‍മര്‍ നയതന്ത്ര പ്രതിനിധി ക്യോ തിന്റ് സ്വെയുമായുള്ള ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി പ്രത്യേക കര്‍മസംഘം രൂപീകരിക്കും. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരമാണ് മുന്നോട്ടുവയ്ക്കാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ക്യോ തിന്റ് സ്വെയോ മ്യാന്‍മര്‍ സര്‍ക്കാര്‍ വക്താക്കളോ പ്രതികരണം അറിയിച്ചിട്ടില്ല. മ്യാന്‍മറിലെ റാഖൈനില്‍ ആഗസ്ത് 25നുണ്ടായ സൈനിക ആക്രമണങ്ങളെത്തുടര്‍ന്നാണ് ബംഗ്ലാദേശിലേക്കുള്ള റോഹിന്‍ഗ്യരുടെ പലായനത്തില്‍ പെട്ടെന്ന്് വര്‍ധനവുണ്ടായത്. കഴിഞ്ഞ അഞ്ചാഴ്ചയ്ക്കിടെ 5.07 ലക്ഷത്തിലധികം റോഹിന്‍ഗ്യര്‍ ബംഗ്ലാദേശിലേക്ക് അതിര്‍ത്തി കടന്നതായാണ് യുഎന്‍ കണക്കുകള്‍. മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ നടക്കുന്നത് വംശീയ ഉന്‍മൂലനമാണെന്ന് യുഎന്‍ അഭിപ്രായപ്പെട്ടിരുന്നു. റാഖൈനിലെ 400ലധികം വരുന്ന റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ പകുതിയിലധികവും സൈന്യം തീവച്ചു നശിപ്പിച്ചതായും തെളിവുകള്‍ പുറത്തുവന്നിരുന്നു. മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ പതിറ്റാണ്ടുകളായി നടക്കുന്ന പീഡനങ്ങളെത്തുടര്‍ന്ന് നിരവധി പേര്‍ ബംഗ്ലാദേശിലേക്കു കുടിയേറിയിരുന്നു. 1970കളുടെ അവസാനവും 90കളുടെ തുടക്കത്തിലും കഴിഞ്ഞവര്‍ഷം ഒക്ടോബറിലും പ്രതിസന്ധി രൂക്ഷമായിരുന്നു. ബംഗ്ലാദേശിലെ അഭയാര്‍ഥികളെ തിരിച്ചയച്ചാലും മ്യാന്‍മറില്‍ റോഹിന്‍ഗ്യരോടുള്ള സമീപനം അടിസ്ഥാന പ്രശ്‌നമായി നിലനില്‍ക്കും. അനധികൃത കുടിയേറ്റക്കാരാണ്  റോഹിന്‍ഗ്യരെന്നാണ് മ്യാന്‍മറിന്റെ ആരോപണം. നൂറ്റാണ്ടുകളായി മ്യാന്‍മറില്‍ തുടരുന്ന റോഹിന്‍ഗ്യര്‍ക്ക് പൗരത്വവും നിഷേധിക്കപ്പെടുകയാണ്. റോഹിന്‍ഗ്യരുടെ പൗരത്വം അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് യുഎന്‍ അഭയാര്‍ഥി ഹൈ കമ്മീഷണര്‍ ഫിലിപ്പിനോ ഗ്രാന്റി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it