Flash News

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ അഞ്ചുലക്ഷം കവിഞ്ഞു

ധക്ക: സൈന്യം അതിക്രമം അഴിച്ചുവിട്ട മ്യാന്‍മറിലെ റാഖൈനില്‍നിന്ന് ആഗസ്ത് 25നു ശേഷം പലായനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞതായി യുഎന്‍ റിപോര്‍ട്ട്. റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ സൈന്യം കൊള്ളിവയ്പും കൂട്ടക്കൊലയും ബലാല്‍സംഗവും അഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് റോഹിന്‍ഗ്യന്‍ വംശജര്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. ആകെ റോഹിന്‍ഗ്യന്‍ വംശജരുടെ പകുതിയും പലായനം ചെയ്തതായാണ് യുഎന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. 471 റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ 176 എണ്ണം ശൂന്യമാണെന്നു മ്യാന്‍മര്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, മ്യാന്‍മറിലെ ബുദ്ധ-സൈനിക ഭീകരതയ്‌ക്കെതിരേ ഇതുവരെ കണ്ണടച്ച അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാടുമായി മുന്നോട്ടു വന്നിട്ടുണ്ട്. അഞ്ചുലക്ഷം പേരെ വഴിയാധാരമാക്കുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിനു പേരെ കൂട്ടക്കൊല നടത്തുകയും ചെയ്ത മ്യാന്‍മര്‍ സൈനികര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു. യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലിയാണ് ഈ ആവശ്യമുന്നയിച്ചത്. രാജ്യത്തിലെ വംശീയ ന്യൂനപക്ഷത്തെ ഉന്‍മൂലനം ചെയ്യാന്‍ നടത്തിയ ബോധപൂര്‍വമായ നടപടികളുടെ ഭാഗമായിരുന്നു റോഹിന്‍ഗ്യന്‍ ജനതയ്‌ക്കെതിരായ അതിക്രമങ്ങളെന്നും അവര്‍ കുറ്റപ്പെടുത്തി. 2009നു ശേഷം റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ആദ്യമായി വിളിച്ചുചേര്‍ത്ത യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് അവര്‍ ഈ ആവശ്യമുന്നയിച്ചത്. ഈ വിഷയത്തില്‍ നയതന്ത്രപര—മായ വാക്കുകളുടെ സമയം കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. യുഎസിനെ കൂടാതെ ഫ്രാന്‍സും മ്യാന്‍മര്‍ സൈനികാതിക്രമങ്ങളെ ശക്തമായി അപലപിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് കനത്ത മഴയിലും കാറ്റിലും തലകീഴായി മറിഞ്ഞ് 60ഓളം പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് യുഎസ് മ്യാന്‍മറിനെതിരേ രംഗത്തുവന്നത്. 130ഓളം പേരുമായി ബംഗ്ലാദേശിലേക്കു പോയ ബോട്ടാണ് കടലില്‍ തകര്‍ന്നത്.അതേസമയം, മ്യാന്‍മറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎന്നില്‍ യുഎസ് കൊണ്ടുവന്ന പ്രമേയം ചൈനയും റഷ്യയും എതിര്‍ത്തതോടെ പാസായില്ല.  മ്യാന്‍മര്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ സൈനികരെ സ്ഥാനത്തു നിന്ന് നീക്കുകയും വിചാരണ ചെയ്യുകയും വേണമെന്നാണ് ഹാലി അവശ്യപ്പെട്ടത്. അതിക്രമങ്ങള്‍ക്കിരയായവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് യുഎന്‍ ഏജന്‍സികളെയും മറ്റ് അന്താരാഷ്ട്ര സംഘടനകളെയും അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം അഭയാര്‍ഥികളായവരെ തിരിച്ചെത്തിക്കുന്നതിനാവശ്യമായ നടപടികളും മ്യാന്‍മര്‍ കൈക്കൊള്ളണം. സ്വതന്ത്രവും ജനാധിപത്യപരവുമായ ബര്‍മയ്ക്ക് വേണ്ടി ത്യാഗങ്ങളനുഭവിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ഇതു നാണക്കേടാണെന്നും ഓങ് സാന്‍ സൂച്ചിയെ സൂചിപ്പിച്ച് നിക്കി ഹാലി പറഞ്ഞു.
Next Story

RELATED STORIES

Share it