Flash News

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സുരക്ഷയ്ക്ക് ഭീഷണിയെന്ന വാദം അടിസ്ഥാനരഹിതം : ശശി തരൂര്‍ എംപി



തിരുവനന്തപുരം: റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമെന്നു ശശി തരൂര്‍ എംപി. അവര്‍ ഭീകരവാദികളാണെന്നതിനു യാതൊരു തെളിവും സര്‍ക്കാരിന്റെ കൈയിലില്ല. നാല്‍പതിനായിരത്തോളം വരുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ഇവര്‍ക്കെതിരേ ഒരു കേസ് പോലും നിലവിലില്ലെന്നും തരൂര്‍ പറഞ്ഞു. കെപിസിസി വിചാര്‍ വിഭാഗ് സംഘടിപ്പിച്ച റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാതൊരുവിധ പരിശോധനയും നടത്താതെയാണ് റോഹിന്‍ഗ്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നു കേന്ദ്രം പറയുന്നത്. നാളെ ഇന്ത്യയില്‍ കഴിയുന്ന ആരെയും പുറംതള്ളാന്‍ ഇതു വഴിവയ്ക്കും. ഇന്ത്യയില്‍ റോഹിന്‍ഗ്യകള്‍ മാത്രമല്ല, തിബത്തന്‍, ചക്മാസ്, ശ്രീലങ്ക, നേപ്പാള്‍, അഫ്ഗാനിസ്താന്‍, ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുമുണ്ട്. അവരെയാരെയും അവരുടെ രാജ്യത്തേക്ക് തിരികെ അയച്ചിട്ടില്ല. റോഹിന്‍ഗ്യകള്‍ മുസ്‌ലിംകളായതിനാലാണ് കേന്ദ്രസര്‍ക്കാരിനു താല്‍പര്യമില്ലാത്തത്. 120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 40,000 പേര്‍ക്ക് ഇടമില്ലെന്നു പറയുന്നത് ന്യായീകരിക്കാനാവില്ല. അഭയാര്‍ഥികളെ തിരികെ പ്രവേശിപ്പിക്കുന്നതിനു മ്യാന്‍മറിന് ഒരു ദശലക്ഷം ഡോളര്‍ നല്‍കുമെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി പറയുന്നത്. ഇന്ത്യയുടെ പേരും പെരുമയും അന്താരാഷ്ട്ര സമൂഹത്തില്‍ മോശമാക്കുന്ന നടപടിയാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി.റോഹിന്‍ഗ്യകളുടേത് മുസ്‌ലിം വിഷയമായി കാണരുത്. ഏതെങ്കിലും മതത്തിന്റെ വിഷയമല്ല. രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്നതാണിത്. അവര്‍ക്കു വേണ്ട പിന്തുണ നല്‍കാന്‍ എല്ലാവരും മുന്നോട്ടുവരണം. അഭയാര്‍ഥികളെ ബലംപ്രയോഗിച്ച് അവരുടെ രാജ്യത്തേക്കു തിരികെ അയക്കാന്‍ പാടില്ലെന്നാണ് രാജ്യാന്തര മാനദണ്ഡം. അതുകൊണ്ടുതന്നെ സുപ്രിംകോടതി കേന്ദ്ര നിലപാട് അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷ. മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ അതിക്രമങ്ങള്‍ സൈന്യം ചെയ്യുന്നതാണ്. ഇത് ഓങ് സാങ് സൂചിയുടെ തീരുമാനമല്ലെന്നും അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it