Flash News

റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് സ്ഥിരം രൂപഘടനയെന്നു യുഎന്‍



ജനീവ: മ്യാന്‍മറിലെ റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണങ്ങള്‍ സ്ഥിരമായ രൂപഘടന പാലിക്കുന്നതായി യുഎന്‍ വിദഗ്ധര്‍. മ്യാന്‍മറില്‍ നിന്നു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണു യുഎന്‍ മനുഷ്യാവകാശ അന്വേഷണ സംഘാംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്ത് 25നുണ്ടായ സൈനിക ഇടപെടലിനെ തുടര്‍ന്നു കൊല്ലപ്പെട്ട രോഹിന്‍ഗ്യന്‍ വംശജരുടെ എണ്ണം കണക്കാക്കിയിട്ടില്ലെന്നും എന്നാല്‍ വളരെയധികം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ഇന്തോനീസ്യന്‍ മുന്‍ അറ്റോര്‍ണി ജനറല്‍ മാര്‍സുകി ദാരുസ്മാന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം അറിയിച്ചു.  റാഖൈന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള റോഹിന്‍ഗ്യരില്‍ നിന്നു തെളിവെടുപ്പു നടത്തി. ലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തിലേക്കു വഴിവയ്ക്കുന്ന തരത്തിലുള്ള അതിക്രമങ്ങള്‍ പ്രത്യേക മാതൃക പിന്തുടരുന്നതായാണു ഗ്രാമീണരുടെ മൊഴികളില്‍ നിന്നു മനസ്സിലാവുന്നതെന്നും ദാരുസ്മാന്‍ അറിയിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യരുമായി അന്വേഷണ സംഘം ആറു ദിവസം ചര്‍ച്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ അവസാനമാവുമ്പോഴേക്കും തങ്ങള്‍ വളരെയധികം അസ്വസ്ഥരായെന്ന്് ദാരുസ്മാന്‍ അറിയിച്ചു. റോഹിന്‍ഗ്യരുടെ മൊഴി തന്നെ ഞെട്ടിപ്പിക്കുകയും രോഷാകുലയാക്കുകയും ചെയ്തുവെന്ന് സംഘാംഗം രാധിക കുമാരസ്വാമി പറഞ്ഞു. അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ തങ്ങള്‍ നേരിട്ടതായി റോഹിന്‍ഗ്യര്‍ പറഞ്ഞു. വര്‍ഷങ്ങളോളമായി നിരവധി സംഘര്‍ഷ മേഖലകളില്‍ ഇടപെടുന്ന താന്‍ ഇത്രയും ഭയാനകമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കേള്‍ക്കുന്നത് ഇതാദ്യമായാണെന്ന്് രാധിക പറഞ്ഞു.മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കെതിരായ പീഡനം അന്വേഷിക്കുന്നതിന് ഈ വര്‍ഷം മാര്‍ച്ചിലാണു യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മൂന്നംഗ പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചത്. റാഖൈന്‍ സംസ്ഥാനത്തു പ്രവേശിക്കാന്‍ കമ്മീഷന് മ്യാന്‍മര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പ്രവേശനാനുമതിക്കായി മ്യാന്‍മര്‍ സര്‍ക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടതായി അന്വേഷണ സംഘാംഗം ക്രിസ്റ്റഫര്‍ സിദോതി അറിയിച്ചു.
Next Story

RELATED STORIES

Share it