wayanad local

റോയ്‌സ് കാപ്പി ശ്രദ്ധേയമാവുന്നു ; ഇടവിള കൃഷിയില്‍ വിജയം കൊയ്ത് യുവകര്‍ഷകന്‍



പുല്‍പ്പള്ളി: ഏകവിള കൃഷിക്കൊപ്പം ഇടവിള കൃഷിരീതിയും അവലംബിച്ച് വിജയം കൊയ്യുകയാണ് പുല്‍പ്പള്ളിയിലെ യുവകര്‍ഷകന്‍. റബറിന്റെ വിലയിടിവ് മൂലം കേരളത്തിലുടനീളം കര്‍ഷകര്‍ ദുരിതത്തിലായിരിക്കുമ്പോഴാണ് നൂതന ഇടവിള കൃഷിരീതിയില്‍ വിജയം കൊയ്ത് പുല്‍പ്പള്ളി ആലത്തൂര്‍ റോയി ആന്റണി ശ്രദ്ധേയനാവുന്നത്. ഏകവിള കൃഷിയെ അവംലംബിച്ച് ജീവിക്കുന്ന കര്‍ഷകര്‍ക്ക് വിലയിടിവ് ഒരുകാലത്തും താങ്ങാനാവുന്നതല്ല. പലപ്പോഴും ഒരു സീസണിലെ വിലയിടിവ് പോലും കര്‍ഷകന്റെ നിലനില്‍പിനു തന്നെ ഭീഷണിയായി മാറും. ഈ സാഹചര്യത്തിലാണ് ഏകവിളകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നിലേക്ക് റോയ് തന്റെ ഇടവിളകൃഷിയുമായെത്തുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് റബറിന്റെ ഇടവിളയായി അറബിക്ക ഇനത്തില്‍പെട്ട കാപ്പി നട്ടതോടെയാണ് റോയിയെന്ന കര്‍ഷകന്റെ വിജയകഥ ആരംഭിക്കുന്നത്. പതിയെ റോയി കണ്ടെത്തിയ കാപ്പിയെ കര്‍ഷകര്‍ റോയ്‌സ് കാപ്പി എന്നു വിളിച്ചുതുടങ്ങി. തന്റെ പ്രിയവിളയ്ക്ക് സ്വന്തം പേര് കൂടി ലഭിച്ചതോടെ റോയിലെ കര്‍ഷകന്‍ കൂടുതല്‍ ഊര്‍ജസ്വലനായി. ബിരുദധാരിയായിട്ടും കാര്‍ഷികവൃത്തിയാണ് തന്റെ ഉപജീവനമാര്‍ഗമെന്നു കണ്ടെത്തിയ റോയിയുടെ പിന്നീടുള്ള ജീവിതം ആരെയും അമ്പരപ്പിക്കുന്ന വിധത്തില്‍ വളര്‍ച്ചയുടേത് മാത്രമായിരുന്നു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലെ തന്റെ എസ്റ്റേറ്റില്‍ നിന്നും അറബിക്ക ഇനത്തില്‍പ്പെട്ട അപൂര്‍വയിനം കാപ്പി കണ്ടെത്തിയതോടെയാണ് റോയിയുടെ മനസ്സില്‍ പുതിയ ആശയങ്ങള്‍ നാമ്പിടുന്നത്. കൃഷിയിടത്തിലെ മറ്റ് വിളകളെ ബാധിക്കാതെ എങ്ങനെ കാപ്പികൃഷി ചെയ്യാമെന്ന ചിന്ത ഒടുവില്‍ റബ്ബറും കാപ്പിയും എന്ന ആശയത്തില്‍ വരെയെത്തി. ചോലമരങ്ങള്‍ നിറഞ്ഞ ഗൂഡല്ലൂരിലെ മണ്ണില്‍ പ്രതാപത്തോടെ നിന്ന കാപ്പിച്ചെടിയെ അദ്ദേഹത്തിലെ കര്‍ഷകന്‍ ശരിക്കും പഠിച്ചു. ആ പഠനം ആലത്തൂരിലെ തൊടിയില്‍ അദ്ദേഹത്തെ ആദ്യപരീക്ഷണത്തിന് പ്രേരിപ്പിച്ചു. റബറിന്റെ വിലയിടിവ് മൂലം കര്‍ഷര്‍ നട്ടം തിരിഞ്ഞ കാലത്ത് പ്രതീക്ഷകളൊന്നുമില്ലാതെ ഗൂഡല്ലൂരിലെ മണ്ണില്‍ നിന്നും ലഭിച്ച കാപ്പിത്തൈകള്‍ അദ്ദേഹം നട്ടുവളര്‍ത്തി. റബ്ബര്‍ത്തോട്ടത്തില്‍ കാപ്പിത്തൈ നടുന്നതറിഞ്ഞ കുടിയേറ്റമേഖലയിലെ ചില കര്‍ഷകര്‍ അദ്ദേഹത്തെ ശരിക്കും പരിഹസിച്ചു. പൊട്ടത്തരമെന്ന് പറഞ്ഞ് പലരും കളിയാക്കുമ്പോഴും റോയിയിലെ കര്‍ഷകന്‍ നിശബ്ദനായിരുന്നു. പതിയെ കാപ്പിത്തൈകളോരോന്നായി വളര്‍ന്നു. റബറില്‍ നിന്നു ലഭിക്കുന്ന വിളവിനെ അല്‍പം പോലും ബാധിക്കാതെ അത് കായിട്ടപ്പോള്‍ റോയിയിലെ കര്‍ഷകന്‍ ഒന്നറിയുകയായിരുന്നു- താന്‍ വിജയം കണ്ടിരിക്കുന്നു. കാപ്പികൃഷിയില്‍ പേരുകേട്ട വയനാട്ടില്‍ പ്രധാനമായി കൃഷി ചെയ്തുവന്നിരുന്നത് റോബസ്റ്റ കാപ്പിയായിരുന്നു. അറബിക്ക ഇനത്തില്‍പ്പെട്ട കാപ്പി കൃഷി ചെയ്യുന്നുണ്ടെങ്കിലും വിരളമായിരുന്നു. മറ്റ് അറബിക്ക ഇനത്തില്‍ നിന്നും വ്യത്യസ്തമായ റോയ്‌സ് കാപ്പിക്ക് ഒരുപാട് സവിശേഷതകളുണ്ട്. റോബസ്റ്റ ഇനത്തില്‍പെട്ട കാപ്പിക്ക് പക്ക്‌വേരുകളാണുള്ളതെങ്കില്‍ റോയ്‌സ് കാപ്പിക്കുള്ളത് തായ്‌വേരുകളാണ്. റോബസ്റ്റ കാപ്പിയിനങ്ങളുടെ വേരുകള്‍ പടര്‍ന്നുപന്തലിച്ചുകിടക്കുന്നതാണെങ്കില്‍ റോയ്‌സ് കാപ്പിയുടെ വേര് മണ്ണിന് മുകളില്‍ ഒരിക്കലും കാണാന്‍ സാധിക്കില്ല.
Next Story

RELATED STORIES

Share it