റോഡ് സുരക്ഷാ ഫണ്ട് അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് ചെയ്യണം: വിഎസ്

തിരുവനന്തപുരം: റോഡ് സുരക്ഷാ ഫണ്ട് വകമാറ്റി ചെലവാക്കുകയും ഭരണകക്ഷി നേതാക്കളുടെയും മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ വഴിവിട്ട് ചെലവഴിച്ചിരിക്കുകയുമാണെന്ന് വാര്‍ത്ത വന്ന സാഹചര്യത്തില്‍ റോഡ് സുരക്ഷാ ഫണ്ട് അക്കൗണ്ടന്റ് ജനറല്‍ ഉടനടി ഓഡിറ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോടിക്കണക്കിനു രൂപ ചെലവിട്ട് റോഡ് സുരക്ഷാപദ്ധതി നടപ്പാക്കിയതില്‍ കേരള പോലിസ് വിനിയോഗിച്ച തുകകളുടെ കണക്ക് നാളിതുവരെ ഹാജരാക്കിയിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍തന്നെ പറയുമ്പോള്‍ ഇതിന്റെ വിനിയോഗത്തില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നിരിക്കുന്നു എന്ന് പുറത്തുവന്നിരിക്കുകയാണ്. ട്രാഫിക് കുറ്റങ്ങളുടെ പേരില്‍ പോലിസ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന തുക ഗവണ്‍മെന്റ് ഫണ്ട് ആയിരിക്കെ വര്‍ഷങ്ങളായി ഇത് ഓഡിറ്റ് ചെയ്യാത്തതിലും ദുരൂഹതയുണ്ട്. റോഡ് സുരക്ഷയ്ക്കായി ഏതെല്ലാം പദ്ധതികള്‍ക്കാണ് തുക ചെലവിടാവുന്നതെന്ന് റോഡ് സുരക്ഷാ ആക്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, ഇത് കാറ്റില്‍പ്പറത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, ഒരു ഐപിഎസ് ഓഫിസര്‍ എന്നിവര്‍ താമസിക്കുന്ന ഈശ്വരവിലാസം റോഡില്‍ ടൈല്‍സ് പതിച്ചതും കോട്ടയത്ത് ശീമാട്ടി ജങ്ഷനില്‍ ആകാശ നടപ്പാത എന്ന പേരില്‍ കോടികള്‍ ചെലവിട്ടതും റോഡ് സുരക്ഷാ നിയമത്തിന്റെ ഏതു വകുപ്പില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. റോഡ് സുരക്ഷാ ഫണ്ടിലൂടെ ചെലവഴിച്ച തുകകള്‍ റോഡ് സുരക്ഷാ നിയമത്തിന്റെ സെക്ഷന്‍ 25(3) പ്രകാരം ഉടനടി അക്കൗണ്ടന്റ് ജനറലിന് കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വി എസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it