wayanad local

റോഡ് വീതി കൂട്ടാന്‍ മണ്ണെടുത്തു;നാട്ടുകാരുടെ കുടിവെള്ളം മുട്ടി

വെള്ളമുണ്ട: റോഡ് വീതി കൂട്ടുന്നതിനായി മണ്ണെടുത്തപ്പോള്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടി. മാനന്തവാടി-നിരവില്‍പ്പുഴ റോഡില്‍ തരുവണ മുതല്‍ നിരവില്‍പ്പുഴ വരെയുള്ള ഭാഗം വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന്റെ ഭാഗമായി എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണെടുത്തതോടെയാണ് കുടിവെള്ള പൈപ്പുകള്‍ തകര്‍ന്നത്. കട്ടയാട്, എട്ടേനാല്‍ ഭാഗങ്ങളിലെ ഇരുപതിലധികം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം കിട്ടാത്തത്. ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതിയാണിത്. പ്രധാന പൈപ്പുകള്‍ റോഡരികിലൂടെയാണ് കടന്നുപോവുന്നത്. ഇതാണ് പൂര്‍ണമായി തകര്‍ന്നത്. മണ്ണുമാന്തി യന്ത്രം കൊണ്ട് തകര്‍ന്ന പൈപ്പുകള്‍ മണ്ണിനൊപ്പം കോരി കടത്തുകയും ചെയ്തു. ഇതോടെ നാലു ദിവസമായി പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. പദ്ധതിയുടെ ഒരു ഭാഗത്ത് പൈപ്പുകള്‍ തകര്‍ന്നുകിടക്കുന്നതിനാല്‍ മറ്റു ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും നിലച്ചു. കുടിവെള്ള പദ്ധതി തകര്‍ത്ത കരാറുകാരനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, നിയമപ്രകാരം ആഴത്തില്‍ കുഴിച്ചിടാതിരുന്ന പൈപ്പുകള്‍ തകര്‍ന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നാണ് കരാറുകാരന്റെ നിലപാട്. പുതിയ പൈപ്പ് വാങ്ങി ജോലിക്കാരനെ ഏര്‍പ്പെടുത്തിയാല്‍ ചാല്‍ നിര്‍മിച്ചു നല്‍കാമെന്നു കരാറുകാരന്‍ പറഞ്ഞു. കട്ടയാട് മുതല്‍ എട്ടേനാല്‍ വരെയുള്ള പൈപ്പുകള്‍ പൂര്‍ണമായി നശിച്ചതിനാല്‍ വന്‍ തുക ഉപഭോക്താക്കള്‍ മുടക്കേണ്ടി വരും. കരാറുകാരന്റെ അനാസ്ഥ കാരണം നശിച്ച പൈപ്പുകള്‍ പുനസ്ഥാപിച്ച് കുടിവെള്ളം എത്തിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it