Idukki local

റോഡ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപരോധം

നെടുങ്കണ്ടം: പാമ്പാടുംപാറ-ആദിയാര്‍പുരം-മുണ്ടിയെരുമ റോഡിലെ 800 മീറ്റര്‍ ഭാഗം പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം ഉപരോധിച്ചു. കോളനിനിവാസികള്‍ ഉള്‍പ്പടെ മുന്നുറോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ റോഡിന്റെ അപര്യാപ്തത പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡ് ആണ് ഇത്. പ്രദേശവാസികള്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏക ആശ്രയവും ഇതാണ്. എന്നാല്‍ റോഡിന്റെ തുടക്കത്തിലുള്ള 800 മീറ്റര്‍ ഭാഗം വര്‍ഷങ്ങളായി കാല്‍നടയാത്ര പോലും പറ്റാത്ത നിലയില്‍ കുണ്ടുംകുഴിയുമായി കിടക്കുകയാണ്. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. ഈ ഭാഗം പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലം ഉണ്ടായിട്ടില്ല. കാര്‍ഷിക സര്‍വ്വകലാശാലയുടെ പ്രതിനിധികള്‍ ഇവിടെയെത്തി സ്ഥലം വിട്ടുനല്‍കാമെന്ന് ഉറപ്പ് നല്‍കി മടങ്ങിയിട്ടും നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗവേഷണ കേന്ദ്രം ഉപരോധിച്ചത്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് ബിജോ മാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനീഷ് ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. എം എന്‍ ഗോപി, ജി മുരളീധരന്‍, ഷാജി പുള്ളോലില്‍, ടോമി കരിയിലക്കുളം, നോബി കൊച്ചുകാലായില്‍, മുകേഷ് മോഹനന്‍, കെ എസ് അരുണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it