thrissur local

റോഡ് വികസനം; പൊളിച്ച് നീക്കിയ കെട്ടിടത്തിന് നഷ്ടപരിഹാരം കിട്ടിയിെല്ലന്ന്

മാള: റോഡ് വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിലെ കെട്ടിടത്തിന്റെ നഷ്ടപരിഹാര തുക കിട്ടിയില്ലായെന്ന് പരാതി. മാളയിലെ ഹോട്ടല്‍ ഉടമസ്ഥനായ ബൈജു എടാട്ടുകാരനാണ് നാലു വര്‍ഷങ്ങളായി നഷ്ടപരിഹാര തുക ലഭിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നത്.
കൊടകര-മാള-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മാള ടൗണ്‍ റോഡ് വികസനത്തിനായി മാളയില്‍ 54 കെട്ടിടങ്ങളാണ് ഭാഗികമായി പൊളിച്ചുനീക്കിയത്. റോഡ് വികസനത്തിനായി ചില തര്‍ക്കങ്ങള്‍ വന്നതോടുകൂടി സ്ഥലങ്ങള്‍ എറ്റെടുക്കുന്ന നടപടികള്‍ നീണ്ടു പോയിരുന്നു. 2013ല്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യൂ വേഷന്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിരുന്നു. പക്ഷെ ചില കച്ചവടക്കാരുടെ തര്‍ക്കങ്ങള്‍ കാരണം റോഡ് വികസന നടപടികള്‍ തടസ്സപ്പെട്ടു. റോഡ് വികസനം നിയമത്തിന്റെ നൂലാമാലയില്‍ കുടുങ്ങി പോകുന്നതായി കണ്ടപ്പോള്‍ എല്ലാ കെട്ടിട ഉടമകള്‍ക്കും മാതൃകയായി തന്റെ കെട്ടിടം ബൈജു പൊളിച്ചുമാറ്റി.എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുവാദമില്ലാതെ പൊളിച്ചുനീക്കിയെന്ന നിയമകുരുക്കു പറഞ്ഞാണ് ഏറ്റവും ആദ്യം പൊളിച്ചുനീക്കിയ തന്റെ കെട്ടിടത്തിന്റെ നഷ്ടപരിഹാര തുക ഇതുവരെയും നല്‍കാത്തതെന്ന് ബൈജു പറയുന്നു.
കെട്ടിടത്തിന്റെ വാല്യൂവേഷനും മറ്റ് നടപടിക്രമങ്ങളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തികരിക്കുകയും ഡിപ്പാര്‍ട്ടുമെന്റിന്റെ മൗന അനുവാദത്തോടെയാണ് താന്‍ കെട്ടിടം പൊളിച്ചതെന്നും ബൈജു പറയുന്നു. 2013 ല്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിനായി 283875 വിലനിശ്ചയിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ പലിശ കൂടി കണക്കാക്കുമ്പോള്‍ നാലര ലക്ഷം രൂപയോളം ലഭിക്കേണ്ടതുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ച വിലയെങ്കിലും ലഭ്യമായാല്‍ മതിയായിരുന്നെന്ന് അഞ്ചു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍  കയറിയിറങ്ങി മനസ്സ് മരവിച്ച ബൈജു പറയുന്നു.
Next Story

RELATED STORIES

Share it