Alappuzha local

റോഡ് യാത്രാ യോഗ്യമാക്കിയില്ല പൈപ്പ് കൊണ്ടുപോവാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു



ഹരിപ്പാട്: ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിനു വേണ്ടി കുഴിച്ച  കുഴികള്‍ മൂടാത്തതിലും റോഡ് യാത്രാ യോഗ്യമാക്കാത്തതിലും പ്രതിഷേധിച്ച് പ്രദേശവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന് എന്‍ജിനീയറെ തടഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെ വീയപുരം രണ്ടാംവാര്‍ഡില്‍ വീയപുരം കിഴക്കേക്കരയിലായിരുന്നു സംഭവം.കരുമാടിയിലെ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം കൊണ്ടു പോവുന്നതിനായി സ്ഥാപിച്ച  ഒന്നരമീറ്ററോളം വ്യാസവും 30 അടിയിലധികം നീളവുമുള്ള അധികം വന്ന പൈപ്പുകള്‍ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെചുമതലയുള്ള ആലപ്പുഴ ഡിവിഷന്‍ സബ് എന്‍ജിനീയറുടെ നേതൃത്വത്തില്‍കൊണ്ട് പോകുന്നതിനായി ലോറിയിലേക്ക് കയറ്റവേയാണ് പ്രദേശവാസികളും ഡ്രൈവര്‍മാരും പ്രതിഷേധവുമായി രംഗത്തെത്തിയത്. കുഴികള്‍ മൂടി റോഡ്‌യാത്രായോഗ്യമാക്കിയതിനു ശേഷം പൈപ്പുകള്‍ കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.  തുടര്‍ന്ന് വീയപുരം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ സംഭവസ്ഥലത്തെത്തി പൊതുമരാമത്ത് എടത്വാ ഡിവിഷന്‍ സബ് എന്‍ജിനീയറെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. കുഴിയെടുത്തപ്പോള്‍ മൂടാതെ പോയ ഭാഗങ്ങള്‍ അഞ്ചുദിവസത്തിനകം കരാറുകാരെകൊണ്ടു മൂടിപ്പിക്കാമെന്ന് ആലപ്പുഴ ഡിവിഷന്‍ സബ് എന്‍ജിനീയര്‍  പോലിസിന്റെ സാന്നിധ്യത്തില്‍ പ്രദേശവാസികള്‍ക്ക ്ഉറപ്പു നല്‍കി. യാത്രായോഗ്യമല്ലാത്ത പ്രദേശങ്ങളുടെ നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതിനു മുന്നോടിയായി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കാമെന്നും പൊതുമരാമത്ത് സബ് എന്‍ജിനീയറും ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ചര്‍ച്ചയില്‍എസ്‌ഐ ജിജിന്‍ തോമസ്, വാര്‍ഡ് അംഗം ആബിദാബീവി, പൊതുമരാമത്ത് സബ് എന്‍ജിനീയര്‍ ബീനാ ജോണ്‍, വാട്ടര്‍അതോറിറ്റി ആലപ്പുഴ ഡിവിഷന്‍ സബ് എന്‍ജിനീയര്‍ ബെന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it