kannur local

റോഡ് പ്രവൃത്തി: തടസ്സം കരാറുകാരനെങ്കില്‍ മാറ്റണമെന്ന് മന്ത്രി

കണ്ണൂര്‍: റോഡ് പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് തടസ്സം കരാറുകാരനാണെങ്കില്‍ കരാറുകാരനെ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് തമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കലക്ടറേറ്റില്‍ ചേര്‍ന്ന എംഎല്‍എ ഫണ്ട് മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടട-കിഴുന്നപ്പാറ റോഡ് പ്രവൃത്തി ഇഴയുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി ഇഴയുന്നതും മന്ത്രിയുടെ രൂക്ഷവിമര്‍ശനത്തിനിടയാക്കി.
പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമാവേണ്ട ഡയാലിസിസ് യൂനിറ്റിന്റെ പ്രവൃത്തിയാണ് ഇഴയുന്നത്. പ്രവൃത്തികളിലെ കാലവിളംബം ഒഴിവാക്കാന്‍ നടപടി വേണം. മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തീകരിക്കാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വിവിധ പദ്ധതികളുടെ പ്രവൃത്തി പുരോഗതി സമയാസമയം അറിയിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
തടസ്സങ്ങളുണ്ടെങ്കില്‍ അറിയിച്ചാല്‍ മാത്രമേ വേണ്ട ഇടപെടലുകള്‍ നടത്താന്‍ കഴിയൂ. ആസന്നമായ വരള്‍ച്ച നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു. വേണ്ട ആസൂത്രണം നടത്തിയില്ലെങ്കില്‍ കുടിവെള്ളം എത്തിക്കല്‍ സാഹസികമാവും. എത്തിക്കുന്ന കുടിവെള്ളം ശുദ്ധീകരിക്കപ്പെട്ടതാണെന്ന് ഉറപ്പുവരുത്താനും സംവിധാനം വേണം.
വിഷയത്തില്‍ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. വിവിധ പദ്ധതികളുടെ പുരോഗതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് ചെയ്തു. എഡിഎം ഇ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റിയന്‍, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ പി വി നാരായണന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it