wayanad local

റോഡ് പാടെ തകര്‍ന്നു; പ്രതീകാത്മക പാലം നിര്‍മിച്ച് നാട്ടുകാരുടെ പ്രതിഷേധം

പുല്‍പ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ അതിര്‍ത്തി ഗ്രാമങ്ങളെ കൂട്ടിയിണക്കുന്ന ഭൂദാനം-ഷെഡ് റോഡ് പാടെ തകര്‍ന്നു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതീകാത്മകമായി റോഡിന് കുറുകെ പാലം നിര്‍മിച്ചു. 900 മീറ്റര്‍ ദൂരമുള്ള റോഡില്‍ 10 സ്ഥലങ്ങളില്‍ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയില്ല. കവുങ്ങു തടികള്‍ ഉപയോഗിച്ചാണ് പ്രദേശവാസികള്‍ പ്രതീകാത്മക പാലം നിര്‍മിച്ചത്.

പാലം വന്നതോടെ റോഡ് പുഴയാണോ റോഡാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായി. റോഡ് നവീകരണത്തിന് 12 ലക്ഷം രൂപ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതില്‍ അഞ്ചുലക്ഷം രൂപ വകമാറ്റി ചെലവഴിച്ചതായി പറയപ്പെടുന്നു. റോഡ് തകര്‍ന്നതിനാല്‍ ടാക്‌സി വാഹനങ്ങളൊന്നും ഇതുവഴി വരാറില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളും ദുരിതം പേറുകയാണ്. തിരഞ്ഞെടുപ്പിന് വോട്ട് തേടിയെത്തുന്നവര്‍ റോഡിനോടുള്ള അവഗണനയ്ക്കു കാരണം വ്യക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it