kozhikode local

റോഡ് പണി പൂര്‍ത്തിയായില്ല; നാട്ടുകാര്‍ സമരത്തിലേക്ക്

വാണിമേല്‍: പ്രമുഖ കരാറുകാര്‍ പണി തുടങ്ങി അഞ്ചു മാസമായിട്ടും ഒരു കിലോമീറ്റര്‍ റോഡിന്റെ പണി പൂര്‍ത്തിയായില്ല. മാസങ്ങളോളം ഗതാഗതം നിരോധിച്ച് പണിയെടുത്തിട്ടും പണി പൂര്‍ത്തിയാക്കാത്ത കോണ്‍ട്രാക്റ്റര്‍ക്കെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു.
വാണിമേല്‍ പഞ്ചായത്തിലെ നിടുംപറമ്പ് പച്ച പാലം റോഡിനാണീ ദുര്‍ഗതി. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ഈ റോഡിന്റെ പണി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്. നാല്‍പ്പത് ലക്ഷം രൂപ ചെലവില്‍ ഒരു കിലോ മീറ്റര്‍ റോഡ് നിര്‍മിക്കാനാണ് പദ്ധതി. കഴിഞ്ഞ ജനുവരി മാസം മുതല്‍ പണി ആരംഭിച്ചു.
എന്നാല്‍ മെയ് അവസാനമായിട്ടും പണി പൂര്‍ത്തിയായിട്ടില്ല. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്. ഫെബ്രുവരി മാസം മുഴുവന്‍ ഗതാഗതം നിരോധിച്ച് റോഡ് അടച്ചിട്ടിട്ടും പണി പൂര്‍ത്തിയാക്കാന്‍ കോണ്‍ട്രാക്റ്റര്‍ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. സോഷ്യല്‍ മീഡിയയില്‍ കോണ്‍ട്രാക്റ്റര്‍ക്കെതിരെ നാട്ടുകാരുടെ രോഷപ്രകടനമാണിപ്പോള്‍. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ഊരാളുങ്കല്‍ സൊസൈറ്റി ആവശ്യമായ പണിക്കാരെ അയക്കാത്തതാണ് പണി വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.നാട്ടില്‍ മികച്ച റോഡുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ പണി തുടങ്ങി അഞ്ചു മാസമായിട്ടും ടാറിംഗ് പൂര്‍ത്തിയാക്കാതെ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു.
നിലവില്‍ ചെറിയ ഭാഗങ്ങളാക്കി ടാറിങ് നടത്തിയ ഭാഗത്ത് റോഡിലൂടെ യാത്ര ചെയ്യുന്നത് പ്രയാസകരമാണെന്നും അവര്‍ പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം സമരം പ്രഖ്യാപിക്കാനിരിക്കുകയാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it