Idukki local

റോഡ് പണിയിലെ കൃത്രിമം ചോദ്യം ചെയ്തു; പാതിവഴിയില്‍ പണിനിര്‍ത്തി കരാറുകാരന്‍ മുങ്ങി

അടിമാലി: റോഡ് പണിയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിനെ ഉദ്യോഗസ്ഥരും നാട്ടുകാരും ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ച് പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തി കരാറുകാരന്‍ പ്രദേശവാസികളെ ദുരിതത്തിലാക്കി.
പക്കായിപടിയില്‍,നിന്നും കരിങ്കുളം വഴി കൂമ്പന്‍പാറ ഭാഗത്തേക്കുള്ള റോഡ് നിര്‍മ്മാണത്തിനെത്തിയ കരാറുകാരന്റെ പിടിവാശിയാണ് ജനങ്ങള്‍ക്ക് തലവേദനയായത്.
റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും പണി തുടരാതെ വന്നതോടെ മേഖലയില്‍ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ നിര്‍മ്മാണം ആരംഭിച്ചു.
അടിമാലി ബ്ലോക്ക് എഞ്ചീയറിംഗ് വിഭാഗം പറഞ്ഞതിനു വിരുദ്ധമായി പണിയാരംഭിച്ചതോടെ ബ്ലോക്ക് ഓവര്‍സീയര്‍ സഹജയും ജനങ്ങളും നിര്‍മ്മാണം തടഞ്ഞു.
10,11 വാര്‍ഡുകളിലെ ജനപ്രതിനിധികളായ ഇ.പി. ജോര്‍ജ്, അജിത മോഹനന്‍ എന്നിവരും ബ്ലോക്ക് മെമ്പര്‍ ഉഷ സദാനന്ദനും സ്ഥലത്തെത്തി.
ഇതിനിടെ താന്‍ ഇ-ടെണ്ടറിലൂടെ ചെയ്യുന്ന ജോലിയില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും ഇടപെടേണ്ടതില്ലെന്ന് കരാറുകാരന്‍ ശഠിച്ചു. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ജോലി ആരംഭിച്ചു.
രണ്ടാംദിവസം ജോലി നടന്നെങ്കിലും ഇതിനിടെ കോണ്‍ക്രീറ്റ് വസ്തുക്കളുടെ അളവില്‍ കുറവു വരുത്താന്‍ നടത്തിയ ശ്രമം തടഞ്ഞ ബ്ലോക്ക് പഞ്ചായത്ത് വനിതാ ജീവനക്കാരിയോടും നിര്‍മ്മാണം വീക്ഷിച്ചുകൊണ്ടിരുന്ന പ്രദേശവാസികളോടും കരാറുകാരുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കയറുകയും രാത്രിയോടെ കോണ്‍ക്രീറ്റ് കൂട്ടുന്നതിനുള്ള യന്ത്രവും സിമന്റും ഉള്‍പ്പടെയുള്ള സാമഗ്രികള്‍ കടത്തി കൊണ്ടുപോകുകയും ചെയ്തു.
യന്ത്രത്തിന് തകരാറാണെന്നും രാവിലെ മറ്റൊരു യന്ത്രവുമായെത്തി നിര്‍മ്മാണം തുടരുമെന്നും അറിയിച്ചിരുന്നെങ്കിലും ഇന്നലെയും പണികള്‍ക്ക് എത്തിയില്ല.
ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി ബ്ലോക്ക് പഞ്ചായത്തിലെത്തി. കുറ്റമറ്റ രീതിയില്‍ ഇന്നു നിര്‍മാണം പുനരാരംഭിച്ചില്ലെങ്കില്‍ കരാറുകാരനില്‍ നിന്നും നിയമപരമായി നഷ്ടം ഈടാക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബ്ലോക്ക് അധികൃതര്‍ അറിയിച്ചു.
കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ ആവശ്യമായ വിധത്തില്‍ നനയ്ക്കാനും ബന്ധപ്പെട്ടവര്‍ കൂട്ടാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it