Idukki local

റോഡ് നിര്‍മാണത്തില്‍ സര്‍ക്കാരിന് ലക്ഷങ്ങള്‍ പാഴായി ; മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 7 പേരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ വിജിലന്‍സ് റിപോര്‍ട്ട്



വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം ഏറ്റെടുത്ത റോഡില്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തിയ നിര്‍മാണത്തില്‍ സര്‍ക്കാരിനു നഷ്ടം ലക്ഷങ്ങള്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഏഴു പേരില്‍ നിന്ന്് സര്‍ക്കാരിനുണ്ടായ നഷ്ടം തിരികെ പിടിക്കാന്‍ വിജിലന്‍സ് ക്യുക്ക് വെരിഫിക്കേഷന്‍ (സത്വരാന്വേഷണം) റിപോര്‍ട്ട്. 2013-2014 സാമ്പത്തിക വര്‍ഷം വണ്ടിപ്പെരിയാര്‍-മ്ലാമല റോഡ് പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിവരം അറിഞ്ഞതിനു ശേഷവും റോഡിന്റെ കുറച്ചു ഭാഗം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയ വഴി സര്‍ക്കാരിന് 4, 15,665 രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത്. ഈ നഷ്ടം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജി വിജയാനന്ദ്, മുന്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം മുഹമ്മദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ കെ കെ അയ്യപ്പന്‍, സി കെ ബാബു, അഴുത ബ്ലോക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ കെ എം ഉഷാനന്ദന്‍, പഞ്ചായത്ത് സെക്രട്ടറി പി വിജയകുമാര്‍, കരാറുകാരന്‍ എസ് പി രാജേന്ദ്രന്‍, എന്നിവരില്‍ നിന്നും തുല്യമായ തുക ഈടാക്കാനാണ് വിജിലന്‍സ് കിഴക്കന്‍ മേഖലാ പോലിസ് സൂപ്രണ്ട് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയ റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പി എം ജി എസ് വൈ പദ്ധതി പ്രകാരം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ വണ്ടിപ്പെരിയാര്‍  മ്ലാമല റോഡ് 13 ലക്ഷത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചിരുന്നതായും ആദ്യ ഘട്ടത്തില്‍ നാലു ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും റോഡ് ഏറ്റെടുത്തതോടെ ടെണ്ടര്‍ നടപടികള്‍ റദ്ദ് ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കിയെന്നുമാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നല്‍കുന്ന വിശദീകരണം. ഐ എന്‍ ടി യു സി ജില്ല സെക്രട്ടറി കെ എ സിദ്ധീക്ക് ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചതും ക്രമക്കേട് കണ്ടെത്തിയതും. പി എം ജി എസ് വൈ പദ്ധതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡിന്റെ പേരില്‍ വ്യാജ ബില്‍ തയാറാക്കി 4, 87,541 രൂപ  ഏഴുപേര്‍ ചേര്‍ന്ന് തട്ടിയെടുത്തയാണ് പരാതിയില്‍ പറയുന്നത്. എല്‍ഡിഎഫാണ് ഈ കാലയളവില്‍ പഞ്ചായത്ത് ഭരിച്ചിരുന്നത്.
Next Story

RELATED STORIES

Share it