kasaragod local

റോഡ് നിര്‍മാണത്തിലെ അപാകത: വിജിലന്‍സ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ജില്ലയിലെ പൊതുമരാമത്ത് റോഡുകള്‍ തകര്‍ന്നതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. വിജിലന്‍സ് ഡയറക്ടറാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടത്.
റോഡുകളുടെ പുനര്‍ നിര്‍മാണത്തിലും അറ്റകുറ്റ പണിയിലും വ്യാപകമായ കൃത്രിമം നടന്നതായി വിജിലന്‍സിന് വ്യാപകമായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ജില്ലയിലെ ആറു പൊതുമരാമത്ത് ഡിവിഷനുകളിലേയും റോഡുകളുടെ പേര്, അവയുടെ നീളം, ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ അറ്റകുറ്റപണികള്‍, ചെലവായ തുക, എസ്റ്റിമേറ്റും ടെന്‍ഡര്‍ നടപടികള്‍ പുര്‍ത്തിയായിട്ടും അറ്റകുറ്റ നടത്താതിരുന്നതിനെ കുറിച്ചും അതിന്റെ കാരണങ്ങള്‍ എന്നിവയെ കുറിച്ചും സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
ജില്ലയിലെ പൊതുമരാമത്ത് റോഡുകളിലെ കുഴിയടക്കുന്നതിന് മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി രുപ ചെലവഴിച്ചുവെന്നാണ് കണക്ക്. കാഞ്ഞങ്ങാടിന് സമീപത്തെ ഒരു റോഡില്‍ അറ്റകുറ്റപണിനടത്താതെ ബില്ല് മാറിയത് വിജിലന്‍സ് കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് പിഡബ്ല്യുഡി എന്‍ജിനിയര്‍മാരെ സസ്‌പെന്റ ്‌ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് ജില്ലയിലെ മറ്റു പൊതുമരാമത്ത് റോഡുകളെക്കുറിച്ച് അന്വേഷിച്ച് പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കാസര്‍കോട്-മംഗളൂരു ദേശീയ പാത തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മഴക്കാലത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നെല്ലിക്കുന്ന് ബീച്ച് റോഡ് മെക്കാഡം ചെയ്തത് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇത് തകര്‍ന്നതിനെക്കുറിച്ചും പരാതി ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മിക്ക റോഡുകളും കുണ്ടുംകുഴിയും വീണ് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.
എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവിന് ടെന്‍ഡര്‍ വിളിച്ച് ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ച് നിര്‍മാണത്തില്‍ അഴിമതി നടത്തുകയാണെന്നാണ് പരാതി. മാത്രവുമല്ല ടാര്‍ ഒഴിക്കാതെ റോഡ് നിര്‍മിക്കുന്നതും വിവാദമായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ഒത്തുകളിച്ചാണ് വ്യാപകമായ അഴിമതി നടത്തുന്നത്. സംഭവത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങിയതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it