Pathanamthitta local

റോഡ് നിര്‍മാണം: പത്തനംതിട്ട നഗരസഭയില്‍ വ്യാജരേഖ ചമയ്ക്കാന്‍ ശ്രമം

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ 24ാം വാര്‍ഡില്‍ ടെന്‍ഡര്‍ നടപടിയില്ലാതെ 28 ലക്ഷം രൂപയുടെ നിര്‍മാണം നടന്നതായി രേഖയുണ്ടാക്കാനുള്ള നീക്കം ഭരണസമിതി തടഞ്ഞു. മുന്‍ നഗരസഭാ ഭരണ സമിതിയുടെ കാലത്ത് പാതി വഴിയില്‍ മുടങ്ങിയതും നടക്കാത്തതുമായ റോഡുകളുടെ നിര്‍മാണത്തിന്റെ പേരിലാണ് കൃത്രിമ രേഖയുണ്ടാക്കി തുക മുഴുവന്‍ അനുവദിപ്പിക്കാന്‍ ശ്രമം നടന്നത്.
ആശാരിപ്പറമ്പ് റോഡിന്റെ നിര്‍മാണത്തിന് 16 ലക്ഷം, പോപുലര്‍ റോഡിന് ആറ് ലക്ഷം, അരിപ്പാട്ടു കടവിന് ആറ് ലക്ഷം എന്നിങ്ങനെയാണ് നിര്‍മാണം പ്രവര്‍ത്തനം പൂര്‍ത്തിയായതായി രേഖകളുണ്ടാക്കാന്‍ നീക്കം നടത്തിയത്.
മുന്‍ കൗണ്‍സിലിന്റെ പരിഗണനയ്ക്കു വയ്ക്കാതെ നഗരസഭാ പ്ലാന്‍ ഫണ്ടില്‍ നിന്ന് ചെയര്‍മാന്റെ മുന്‍കൂര്‍ അനുമതിയായി ആദ്യഘട്ട തുക അനുവദിച്ചിരുന്നു. ഇതില്‍ പോപുലര്‍ റോഡും അരിപ്പാട്ടു കടവ് റോഡും നിര്‍മാണം നടന്നിട്ടില്ല.
ആശാരിപ്പറമ്പ് റോഡ് പാതിവഴിയില്‍ പണി മുടങ്ങുകയും ചെയ്തു. നിര്‍മാണങ്ങള്‍ക്ക് സാധാരണ ടെന്‍ഡര്‍ പോലും നടക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ഇപ്പോഴത്തെ കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു.
ഓരോ റേഡിന്റെയും നിര്‍മാണത്തിനുള്ള ആദ്യ ഗഡു തുകയാണ് മുന്‍ ഭരണസമിതി അനുവദിച്ചത്. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇ ടെന്‍ഡര്‍ മുഖേന നടപ്പാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, റോഡ് നിര്‍മാണം നിര്‍മിതി കേന്ദ്രയെ ഏല്‍പ്പിച്ച് സ്ഥിരം സബ് കരാറുകാരന് പണി അനുവദിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പഴയ ഭരണ സമിതിയിലെ പ്രമുഖര്‍ നഗരസഭയിലെ ക്ലാര്‍ക്കു മുഖേന രേഖകളുണ്ടാക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ ശ്രമം പുതിയ കൗണ്‍സില്‍ തടയുകയായിരുന്നു. രേഖകളുണ്ടാക്കി പുതിയ കൗണ്‍സിലിനെക്കൊണ്ട് പണം മുഴുവന്‍ അനുവദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് ആരോപണമുണ്ട്.
നഗരസഭയിലെ മറ്റു വാര്‍ഡുകളിലേക്കും അനുവദിക്കേണ്ട പ്ലാന്‍ ഫണ്ട്തുകയില്‍ അറുപതു ശതമാനത്തിലേറെ ഇരുപത്തിനാലാം വാര്‍ഡിനു മാത്രം ചെലവാക്കിയതും സംശയത്തിനിട നല്‍കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it