റോഡ് നവീകരണത്തിന് 1824 കോടി രൂപ

റോഡ് നവീകരണത്തിന് 1824 കോടി രൂപ കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ നവീകരണത്തിന് 1824 കോടി രൂപ അനുവദിച്ചതായി മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ റോഡുകള്‍ക്കായി 552.11 കോടി, മറ്റ് പ്രധാന റോഡുകള്‍ക്കായി 815 കോടി, റോഡ് നിര്‍മാണത്തിനുള്ള നബാര്‍ഡിന്റെ സഹായമായി 147 കോടി, ദേശീയ പാത പൂര്‍ണമായും കുഴിവിമുക്തമാക്കാന്‍ 123 കോടി എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. എല്ലാ പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്‍കിയതായും ഫെബ്രുവരിയോടെ ഇവ ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ദേശീയ പാതയിലെ കുഴി അടയ്ക്കല്‍ പ്രവൃത്തികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് പ്രധാന ബൈപാസുകളുടെ നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞത് നേട്ടമാണ്. കോഴിക്കോട് ബൈപാസ് ഈ മാസം 22ന് ഉദ്ഘാടനം ചെയ്യും. രണ്ട് വലിയ പാലങ്ങള്‍ ഉള്‍പ്പെടുന്ന ഈ ബൈപാസിന്റെ നിര്‍മാണത്തിന് 145 കോടി ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. ആലപ്പുഴ, കൊല്ലം ബൈപാസുകള്‍ അടുത്തവര്‍ഷം ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബൈപാസിന് 348.43 കോടിയും കൊല്ലം ബൈപാസിന് 352.05 കോടിയുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ അവസാനിക്കുന്ന തിരുവനന്തപുരം ബൈപാസ് നിര്‍മാണം പുരോഗമിക്കുകയാണെന്നും 621 കോടിയാണ് ഇതിന്റെ ചെലവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ കരമന കളിയിക്കാവിള റോഡിന്റെ ഒന്നാംഘട്ടം 13ന് ഉദ്ഘാടനം ചെയ്യും. 189 കോടി ചെലവ് വരുന്ന ഇതിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മരാമത്ത് വകുപ്പിന്റെ സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയായി വരുന്ന പാലാരിവട്ടം ഫ്‌ളൈഓവര്‍ അടുത്തമാസം 20ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് കൂടുതല്‍ പാലങ്ങള്‍ നിര്‍മിച്ച കാലഘട്ടമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം. 245 പാലങ്ങളാണ് മരാമത്ത് വകുപ്പ് ഈ കാലയളവില്‍ പൂര്‍ത്തിയാക്കിയത്. 100 പാലങ്ങള്‍ ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പു സെക്രട്ടറി മുഹമ്മദ് ഹനീഷ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it