Kottayam Local

റോഡ് നവീകരണത്തിന് 16.5 കോടിയുടെ ഭരണാനുമതി



എരുമേലി: എരുമേലി-കണമല റോഡ് നവീകരണത്തിനു 16.5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി പി സി ജോര്‍ജ് എംഎല്‍എ അറിയിച്ചു. നിലവില്‍ ഹൈവേയായി പ്രഖ്യാപിച്ച ഈ മേഖലയിലെ എരുമേലി ടൗണ്‍ മുതല്‍ കരിങ്കല്ലുമുഴി, മുക്കൂട്ടുതറ ടൗണ്‍വഴി കണമല പാലം വരെയുള്ള പ്രദേശത്തെ റോഡ് നവീകരിക്കുന്നതിനാണു തുക അനുവദിച്ചത്. എട്ടു മീറ്റര്‍ വീതിയില്‍ ഡിബിഎം ആന്റ് ബിസി ടാറിങ്, കലുങ്കുകളുടെ നവീകരണം, സൈഡ് കോണ്‍ക്രീറ്റിങ്, എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡ് മുതല്‍ കരിങ്കല്ലുമുഴി വരെ ഫുട്പാത്ത് നവീകരണം, പ്രധാന ജങ്ഷനുകളുടെ നവീകരണം തുടങ്ങിയ പ്രവൃത്തികളും ഈ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നാഷനല്‍ ഹൈവേ അതോറിറ്റിയാണു തുക അനുവദിച്ചത്. മുണ്ടക്കയം മുതല്‍ കണമല വഴി ഭരണികാവ് വരെയുള്ള നാഷനല്‍ ഹൈവേ നാലുവരിയാക്കുന്നത് സംബന്ധിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി കൂടിയാണ് ഇപ്പോള്‍ 16.5 കോടി രൂപ അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് 2018 മണ്ഡല മകരവിളക്ക് സീസണിന് മുമ്പായി പ്രസ്തുത റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it