wayanad local

റോഡ് നന്നാക്കിയിട്ടും മംഗലശ്ശേരി കാട്ടുനായ്ക്ക കോളനിവാസികള്‍ക്ക് ശരണം കാല്‍നടയാത്ര

മാനന്തവാടി: കോടികള്‍ മുടക്കി റോഡ് ഇന്റര്‍ലോക്ക് ചെയ്തിട്ടും വെള്ളമുണ്ട മംഗലശ്ശേരി കാട്ടുനായ്ക്ക കോളനിയിലുള്ളവര്‍ക്ക് ടൗണിലെത്താന്‍ കാല്‍നടയാത്ര തന്നെ ശരണം. മംഗലശ്ശേരി ക്രഷര്‍ കവല മുതല്‍ രണ്ടു കിലോമീറ്റര്‍ ദൂരം റോഡ് നവീകരിക്കാത്തതാണ് കോളനിവാസികളെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നര കോടിയോളം രൂപ പിവിജിടി ഫണ്ടില്‍ നിന്നു ചെലവഴിച്ചാണ് മംഗലശ്ശേരി കോളനി റോഡ് ഇന്റര്‍ലോക്ക് ചെയ്തത്.
എന്നാല്‍, നേരത്തെ പഞ്ചായത്ത് ടാറിങ് പൂര്‍ത്തിയാക്കിയ ഭാഗം മുതല്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍ലോക്ക് ചെയ്ത ഭാഗം വരെയുള്ള രണ്ടു കിലോമീറ്ററോളം ദൂരം റോഡ് പാടെ തകര്‍ന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് സോളിങ് പ്രവൃത്തി നടത്തിയ ഈ ഭാഗങ്ങളില്‍ കല്ലുകളിളകി ഇരുചക്ര വാഹനങ്ങള്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കുത്തനെയുള്ള കയറ്റമായതിനാല്‍ വെള്ളമുണ്ടയില്‍ നിന്ന് ഓട്ടോറിക്ഷകളും ഇതുവഴി വരില്ല. ആകെ ആശ്രയിക്കാവുന്ന ജീപ്പുകള്‍ക്കാവട്ടെ 50 രൂപയെങ്കിലും വാടക നല്‍കിയാല്‍ മാത്രമേ ട്രിപ്പ് പോവുകയുള്ളൂ. പിവിജിടി ഫണ്ടിലുള്‍പ്പെടുത്തി കോളനിയോട് ചേര്‍ന്ന ഭാഗങ്ങള്‍ ഇന്റര്‍ലോക്ക് ചെയ്യുമ്പോള്‍ തന്നെ ബാക്കി ഭാഗങ്ങള്‍ ടാറിങ് ചെയ്യണമെന്നു കോളനിവാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഭാഗം നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ച് ഗതാഗതയോഗ്യമാക്കാമെന്നായിരുന്നു അധികൃത നിലപാട്. എന്നാല്‍, ഒരുവര്‍ഷം പിന്നിട്ടിട്ടും റോഡ് നവീകരിക്കാനുള്ള യാതൊരു നടപടികളുമുണ്ടായിട്ടില്ല. 30ഓളം കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കു പുറമെ ഇതര വിഭാഗങ്ങളില്‍പ്പെട്ട് നിരവധി കുടുംബങ്ങളും ഇവിടെ താമസിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it