ernakulam local

റോഡ് തടസ്സപ്പെടുത്തി ടിപ്പര്‍ ഡ്രൈവര്‍മാരുടെ ഭീഷണി



കാക്കനാട്: കിഴക്കമ്പലം, പട്ടിമറ്റം, പള്ളിക്കര മേഖല കേന്ദ്രീകരിച്ച് അമിതഭാരവുമായി ടോറസ് ലോറികളുടെ ഭീഷണി സൃഷ്ടിക്കുന്ന പാച്ചിലിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ സംയുക്ത പരിശോധന തടസ്സപ്പെടുത്താന്‍ ആസൂത്രിത ശ്രമം. അമിതഭാരവുമായി അമിത വേഗതയില്‍ പായുന്ന ടോറസ് വാഹനങ്ങള്‍ മൂലം അപകടവും ട്രാഫിക് തടസ്സവും നിത്യസംഭവമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാത്രിയും പകലുമായി കര്‍ശന പരിശോധന നടത്താന്‍ മധ്യമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയത്. കൂടാതെ മംഗലത്തുമ്പ അറക്കപ്പടി റോഡ് തകരുന്ന രീതിയില്‍ ടിപ്പര്‍ വാഹനങ്ങള്‍ അമിതഭാരവുമായി പോവുന്നതിനെതിരേ ആറാഴ്ചക്കകം നടപടിയെടുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം കലക്ടര്‍ക്കും പോലിസിനും മോട്ടോര്‍ വാഹനവകുപ്പിനും നല്‍കിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ 5ന് തുടങ്ങിയ പരിശോധനയില്‍ അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങള്‍ക്ക് കേസ് എടുത്തിരുന്നു. ഏകദേശം രാവിലെ 7 മണിയോടെയാണ് 17 ടണ്ണോളം അമിതഭാരവുമായി വന്ന ടോറസ് ഉടമകളില്‍ ഒരു വിഭാഗം സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള വാഹനം പട്ടിമറ്റത്ത് വച്ച് മോട്ടോര്‍ വാഹനവകുപ്പ് കൈകാണിച്ച് നിര്‍ത്തിയത്. എന്നാല്‍ വാഹനത്തിന് കേസ് എഴുതി താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വാഹനം റോഡ് സൈഡില്‍ നിര്‍ത്തി താക്കോലുമെടുത്ത് ധിക്കാരപൂര്‍വം സ്ഥലംവിട്ടു. മോട്ടോര്‍ വാഹനവകുപ്പിന്റെ പരാതിയെത്തുടര്‍ന്ന് പോലിസെത്തി കസ്റ്റഡിയിലെടുത്തു. എട്ടുമണിയോടെ പട്ടിമറ്റം ജങ്ഷനില്‍ അമിതഭാരവുമായി എത്തിയ വേറൊരു വാഹനം മോട്ടോര്‍ വാഹനവകുപ്പ് കൈകാണിച്ച് നിര്‍ത്തി തൂക്കുന്നതിനായി കൊണ്ടുപോകവേ ജങ്ഷനില്‍ നിര്‍ത്തി മാര്‍ഗതടസ്സം സൃഷ്ടിച്ച് ഉടമയും സംഘടനയുടെ ചില ഗുണ്ടകളും ചേര്‍ന്ന് തടയുകയും തൂക്കാനുള്ള ശ്രമം ചെറുക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വാഹനം തൂക്കുവാന്‍ ആവശ്യപ്പെട്ട പ്രകാരം പോലിസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് തൂക്കം നോക്കിയതില്‍ 17 ടണിലധികം ഭാരം കയറ്റിയതായി ബോധ്യപ്പെട്ടു. ഇത് മോട്ടോര്‍ വാഹനനിയമപ്രകാരം 19,000 രൂപ പിഴ അടയ്‌ക്കേണ്ടതാണ്. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് വാഹന ഉടമകള്‍ക്കെതിരേയും ഡ്രൈവര്‍ക്കെതിരെയും കേസെടുത്ത പോലിസ്, വാഹനം കസ്റ്റഡിയില്‍ എടുത്തു. സമീപ കാലത്തായി ടോറസ് ഉടമകള്‍ സംഘടിച്ച് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തി കേസ് എടുക്കുന്നത് തടയുന്നതിനുള്ള ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡുകള്‍ തകര്‍ക്കുന്നതും അപകടങ്ങള്‍ക്ക് കാരണവുമായ പ്രസ്തുത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it