kozhikode local

റോഡ് ഉദ്ഘാടനത്തിന് മുഹൂര്‍ത്തം നോക്കി അധികൃതര്‍; വട്ടംകറങ്ങി ജനം

പേരാമ്പ്ര: ഒരാഴ്ച മുമ്പ് പണി പൂര്‍ത്തിയായ റോഡ്  തുറന്നു കൊടുക്കാന്‍ മുഹൂര്‍ത്തം നോക്കി അധികൃതര്‍. ചക്കിട്ടപ്പാറ അങ്ങാടിയില്‍ കുളത്തുവയല്‍ സ്‌കൂള്‍ റോഡാണു പഞ്ചായത്തധികൃതര്‍ അടച്ചു വെച്ചിരിക്കുന്നത്. രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ 120 മീറ്റര്‍ ഭാഗമാണു എട്ട് ലക്ഷം രൂപ വകയിരുത്തി ഗ്രാമപ്പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കിയത്.
ആശുപത്രി, സ്‌കൂളുകള്‍, ബാങ്കുകള്‍, ആരാധനാലയങ്ങള്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലേക്കെല്ലാം പോവേണ്ട റോഡാണു അടച്ചുവെച്ചിരിക്കുന്നത്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡൂമാണിത്. കുളത്തുവയല്‍ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോവുന്ന കുട്ടികളടക്കം ഇതുമൂലം ക്ലേശിക്കുകയാണ്.
റോഡ് പണിതതിന്റെ മേനി നാട്ടുകാരെ അറിയിക്കാന്‍ പ്രസിഡന്റ്  വൈസ് പ്രസിഡന്റുമാരുടെ പടങ്ങളോടുകൂടിയ ഫഌക്‌സ്‌ബോര്‍ഡ് റോഡിനു നടുക്കു സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ തടസങ്ങള്‍ എടുത്തു മാറ്റി റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു .
ഉദ്ഘാടനം പഞ്ചായത്തിന്റെ സൗകര്യം പോലെ എപ്പോള്‍ വേണമെങ്കിലും നടത്താമെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it