malappuram local

റോഡ് ആക്‌സിഡന്റ് ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും: ജില്ലാ കലക്ടര്‍



മലപ്പുറം: ജില്ലയില്‍ റോഡപകടങ്ങള്‍ കുറക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. റോഡ് സുരക്ഷ സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. റോഡുകളുടെ വശങ്ങളില്‍ വളര്‍ന്ന നില്‍ക്കുന്ന കുറ്റിക്കാടുകള്‍, പരസ്യ ബോര്‍ഡുകള്‍, എന്നിവ മാറ്റുന്നതിനും ഡിവൈഡറുകള്‍, സൈന്‍ ബോഡുകള്‍ ബസ് ഷെല്‍റ്ററുകള്‍, ലൈറ്റുകള്‍, സോളാര്‍ വിളക്കുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുമാണ് ഫോറത്തിന്റെ സഹകരണം തേടുക. പദ്ധതി നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. കഴിഞ്ഞ 21 വര്‍ഷമായി സംസ്ഥാനത്ത് റോഡ് അപകടനിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് ശ്രദ്ധേയമായ സംഘടനായാണ് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം. പദ്ധതി നടപ്പിലാക്കുന്നിന്റെ ഭാഗമായി പഞ്ചായത്ത്,നഗര സഭാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിക്കും. റോഡ് സുരക്ഷമായി ബന്ധപ്പെട്ട് ആവശ്യമുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കും. ഈ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങളാണ് ഫോറത്തിന്റെ സഹകരണത്തോടെ  നടപ്പിലാക്കുക. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം പരിപാടി റോഡ് ആക്‌സിഡന്റ് ഫോറം ആദ്യമായി നടപ്പിലാക്കുന്നത് ജില്ലയിലാണന്നും പരിപാടി വിജയകരമാണങ്കില്‍ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  കെ കെ അബ്ദു അറിയിച്ചു.ജില്ലയില്‍ റോഡരികില്‍ അനാവശ്യമായി സ്ഥാപിച്ച എല്ലാ ബോഡുകളും നീക്കം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. ഇത് മോണിറ്റര്‍ ചെയ്യുന്നതിന് ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സമിതി രൂപീകരിച്ചു. ചില റോഡുകളില്‍ ഹമ്പുകള്‍ വേണമെന്നും വേണ്ടെന്നുമുള്ള പരാതികളില്‍ പോലീസ്, റവന്യൂ, പൊതുമരാമത്ത്, ആര്‍ടിഒ വകുപ്പുകള്‍ ചേര്‍ന്ന പരിശോധന നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് പരിസരത്തെ റോഡുകളില്‍ ആവശ്യമായ സിഗ്നലുകളും സൈന്‍ ബോഡുകളും സ്ഥാപിക്കുന്നത്  അടിയന്തരമായി പൂര്‍ത്തിയാക്കും. സിവില്‍ സ്റ്റേഷനിലെ പ്രധാന റോഡിനിരുവശവും അനധിക്യതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും യാഗം നിര്‍ദ്ദേശിച്ചു. ഇതിനായി പോലിസ് പ്രത്യേക പട്രോളിങ് നടത്തും.ബസുകള്‍ മറ്റ് വാഹനങ്ങള്‍ക്ക തടസമുണ്ടാവുന്ന രീതിയില്‍ നിര്‍ത്തി ആളെ കയറ്റുന്ന പ്രവണതക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ദബേഷ് കുമാര്‍ ബെഹ്‌റ, എഡിഎം വി രാമചന്ദ്രന്‍, ആര്‍ടിഒ കെ ഷാജി, എച്ച് എസ് മെഹ്‌റലി, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it