Alappuzha local

റോഡ്‌ഷോയുമായി മുഖ്യമന്ത്രി; ജനസമക്ഷം കോടിയേരി

മാന്നാര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജില്ലയില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍. മാന്നാറില്‍ റോഡ് ഷോയുമയി മുഖ്യമന്ത്രിയെത്തിയപ്പോള്‍ ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തു. ഇരുവരും വിവിധ മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളിലും സംസാരിച്ചു.
ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാന്നാറില്‍ റോഡ് ഷോ നടത്തിയത്. മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ എത്തിയ മുഖ്യമന്ത്രിക്ക് ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. ചുട്ടുപൊള്ളുന്ന വെയിലത്ത് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലാണ് റോഡ് ഷോ നടത്തിയത്. പി സി വിഷ്ണുനാഥും കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ലത്തീഫും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
റോഡ് ഷോ മാന്നാര്‍ ടൗണിലെത്തി പാവുക്കര വഴി വള്ളക്കാലി ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനവും നടന്നു. സംസ്ഥാനത്ത് സമാധാന ജീവിതം കാംക്ഷിക്കുന്നവര്‍ യുഡിഎഫിനൊപ്പം ഈ തിരഞ്ഞെടുപ്പില്‍ നില്‍ക്കണമെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ എം മുരളി, ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍, മാന്നാര്‍ അബ്ദുല്‍ലത്തീഫ്, സുജാ ജോഷ്വാ, രാധേഷ് കണ്ണന്നൂര്‍, സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥ് സംസാരിച്ചു.
മതനിരപേക്ഷയിലൂന്നിയ വികസിത കേരളമാണ് എല്‍ഡി എഫിന്റെ ലക്ഷ്യമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആലപ്പുഴ പ്രസ്‌ക്ലബിന്റെ ജനസമക്ഷം മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞടുപ്പില്‍ ബിജെപിയെ പിടിച്ച് കെട്ടേണ്ടത് മതേതര കേരളത്തിന്റെ കടമയാണെന്നും കോടിയേരി വ്യക്തമാക്കി. ജിഷ സംഭവത്തി ല്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. അതിക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ല. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറം ലോകമറിഞ്ഞത്. ആരുടെയൊക്കെയോ താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചത്. ഇത്തരത്തില്‍ ഒരു സംഭവം നടന്നാല്‍ ഇന്റലിജന്‍സ് മേധാവി ആഭ്യന്തര മന്ത്രിയെയും, മുഖ്യമന്ത്രിയെയും, ഗവര്‍ണറെയും അറിയിക്കണമെന്നാണ് ചട്ടം. ഇത് പോലി സ് പാലിച്ചില്ലെങ്കില്‍ എന്ത ്‌കൊണ്ട് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെന്നും കോടിയേരി ചോദിച്ചു.
സ്ത്രീ സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറി. ക്രമസമാധാന നിലതകര്‍ന്നതിന്റെ ഉദാഹരണമാണ് ഇവിടെ വര്‍ധിച്ചു വരുന്ന പീഡനങ്ങളെന്നും കോടിയേരി പറഞ്ഞു. ജിഷക്കേസ് ഒരുവനിത ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണം നടത്താതെ മുഖ്യമന്ത്രിയും മന്ത്രിമാരും റോഡ്‌ഷോ നടത്തുകയാണ്. ബിജെപിയും, ബി ഡിജെഎസുമായി ചേര്‍ന്ന് കോ ണ്‍ഗ്രസ് ചിലസ്ഥലങ്ങളില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാാക്കിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
Next Story

RELATED STORIES

Share it