kasaragod local

റോഡുകള്‍ തകര്‍ന്നു; മെക്കാഡം ടാറിങ് അനിശ്ചിതത്വത്തില്‍

നീലേശ്വരം: നീലേശ്വരം-ചിറ്റാരിക്കാല്‍, കാലിച്ചാമരം-പരപ്പ റോഡുകള്‍ കാലവര്‍ഷം കനത്തതോടെ തകര്‍ന്നു യാത്ര ദുഷ്‌കരമായി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കാലിച്ചാമരം- പരപ്പ റോഡും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നീലേശ്വരം-ചിറ്റാരിക്കാല്‍ റോഡുമാണ് തകര്‍ന്നത്. കാലവര്‍ഷാരംഭത്തില്‍ തന്നെ മലയോര മേഖലകളിലേക്കുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്നതോടെ യാത്ര ദുസ്സഹമായി.
എന്നാല്‍ മെക്കാഡം ടാറിങ് എന്ന ആവശ്യം ഇനിയും അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാതെ മലയോര മേഖലയിലെ റോഡുകളില്‍ പൊടിവിതറി അറ്റകുറ്റപ്പണി നടത്താനുള്ള നീക്കമാണ് നടക്കുന്നത്.  നീലേശ്വരം പാലത്തടം കാംപസിനടുത്ത് തകര്‍ന്ന റോഡ് ടാറിങ് ചെയ്തുവെങ്കിലും ഇതേ റോഡില്‍ ചോയ്യങ്കോട് ജങ്ഷനിലും മഞ്ഞളംകാട്ടും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. കരിന്തളം, മുക്കട ഭാഗങ്ങളിലും റോഡുകള്‍ തകര്‍ന്ന നിലയിലാണ്.
ഇവിടെയും നാട്ടുകാരുടെയും ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടേയും വിവിധ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിലും അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും കനത്ത മഴവെള്ളത്തില്‍ ഒലിച്ചുപോയി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കാലിച്ചാമരം-പരപ്പ റോഡില്‍ പരപ്പ മുതല്‍ നെല്ലിയര വരെ മെക്കാഡം ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും നെല്ലിയര മുതല്‍ കാലിച്ചാമരം വരെയുള്ള ടാറിങ പ്രവ്യത്തി സാങ്കേതിക കാരണങ്ങളാല്‍ അനിശ്ചിതത്വത്തിലാണ്.
എസ്റ്റിമേറ്റ് തുക കുറഞ്ഞതാണ് തുടര്‍പ്രവൃത്തികള്‍ അനിശ്ചിതത്തിലാക്കാന്‍ കാരണമായത്. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യതയും കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. റോഡ് തകര്‍ന്നുവെന്ന കാരണം നിരത്തി ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ അവധി ദിവസങ്ങളില്‍ ഓട്ടം നിര്‍ത്തിവെക്കുന്നതും പതിവാണ്.
Next Story

RELATED STORIES

Share it