thrissur local

റോഡുകളിലെ മാലിന്യനീക്കം തടസ്സപ്പെട്ടു: ജനങ്ങള്‍ ദുരിതത്തില്‍

മാള: റോഡരികുകളില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തടസ്സപ്പെട്ടതോടെ ജനങ്ങള്‍ ദുരിതത്തിലായി. കേരള ചരിത്രത്തില്‍ ഇല്ലാത്തയത്രയും പ്രളയത്തെ തുടര്‍ന്ന് ഓരോ ഭവനങ്ങളിലും ഉപയോഗശൂന്യമായ വിവിധതരം വസ്തുക്കള്‍ റോഡരികില്‍ എത്തിക്കാന്‍ ഗ്രാമപഞ്ചായത്ത് മൈക്കിലൂടെ അറിയിപ്പ് നല്‍കിയിരുന്നു.
അതിനെ തുടര്‍ന്നാണ് ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ റോഡരികുകളില്‍ സ്ഥാനം പിടിച്ചത്. അരിയും പലവ്യഞ്ചനങ്ങളും പച്ചക്കറി, കിടക്കകള്‍, തലയണകള്‍, ടി വി, കംപ്യൂട്ടര്‍, മറ്റു ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ടേബിള്‍, ഡൈനിംഗ് ടേബിള്‍, സെറ്റികളിലേയും മറ്റും കുഷ്യനുകള്‍, വസ്ത്രങ്ങള്‍, ഉപയോഗശൂന്യമായ പാത്രങ്ങള്‍, പത്രങ്ങളും പുസ്തകങ്ങളും, പഠനോപകരണങ്ങള്‍ തുടങ്ങിയ ഒട്ടനവധി സാധന സാമഗ്രികളാണ് കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുവക്കുകളില്‍ കൊണ്ടുവന്നിട്ടിരിക്കുന്നത്. ഇവയുടെ കൂട്ടത്തില്‍ വര്‍ഷങ്ങളായി പുരയിടങ്ങളിലുണ്ടായിരുന്നതും ഉപയോഗശൂന്യമായതുമടക്കമുള്ള ജൈവവും അജൈവവുമായ മാലിന്യങ്ങളും റോഡുവക്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഇവയില്‍ പലതും ചീഞ്ഞു നാറുകയാണ്. കാക്കകളും നായ്ക്കളും മറ്റും കൊത്തിവലിച്ചിവ പുരയിടങ്ങളിലും കിണറുകളിലും നിക്ഷേപിക്കുന്ന അവസ്ഥ വരെയുണ്ട്. കൂടാതെ റോഡിലെ ഗതാഗത തടസ്സമായുമിവ മാറുന്നു. ആക്രി സാധനങ്ങള്‍ എടുക്കാനെത്തുന്നവര്‍ ഇതെല്ലാം പരത്തിയിടുകയും ചെയ്യുന്നതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിക്കുകയാണ്.
ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നിന്നുമുള്ള കുറച്ച് മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കയറ്റി പോയിരുന്നു. ചാലക്കുടിയിലും തുടര്‍ന്ന് തൃശൂര്‍ മുണ്ടൂരുമെത്തിച്ച മാലിന്യങ്ങള്‍ നാട്ടുകാര്‍ തടഞ്ഞതോടെ മാലിന്യനീക്കം നിലച്ചു.
ഇനി ജില്ലാ കളക്ടറുടെ തീരുമാനം എത്തിയാലേ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാനാകൂയെന്നാണ് ഗ്രാമപഞ്ചായത്തധികൃതര്‍ പറയുന്നത്. ഇതിനിടയില്‍ പ്ലാസ്റ്റിക്കും മറ്റും കത്തിക്കരുതെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ നിര്‍ദ്ധേശം പാലിക്കപ്പെട്ടിരുന്നു. എന്നാല്‍ റോഡരികുകളിലെ മാലിന്യനീക്കം നിലച്ചതോടെ ചില പുരയിടങ്ങളില്‍ പ്ലാസ്റ്റിക്ക് അടക്കം കൂട്ടിയിട്ട് കത്തിക്കുന്ന പ്രവണതയുമുണ്ട്. ഇത് അയല്‍വാസികള്‍ക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
Next Story

RELATED STORIES

Share it