റോഡും വാഹനവുമില്ല; ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ചത് മഞ്ചലില്‍

അഗളി: അട്ടപ്പാടിയില്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് കമ്പില്‍ തുണികെട്ടി ചുമന്നുകൊണ്ട്.
എടവാണി കുംബ ഊരിലെ തണലിയുടെ ഭാര്യ മണിയെ ആശുപത്രിയിലെത്തിക്കാനാണ് ഊരുവാസികള്‍ക്ക് പകുതി വഴിയോളം ചുമലില്‍ കെട്ടി ചുമക്കേണ്ടി വന്നത്. എടവാണിയിലെ ഊരുനിവാസികള്‍ ആശ്രയിക്കുന്ന പാത മഴയെത്തുടര്‍ന്ന് തകര്‍ന്നിരിക്കുകയാണ്. ഇതുകാരണം വാഹനമെത്തുന്ന അരുളിക്കോണം വരെ യുവതിയെ ചുമന്നുകൊണ്ടുവരികയായിരുന്നു. ഇവിടെനിന്ന് സ്വകാര്യ വാഹനത്തിലാണ് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചത്. കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ 10നായിരുന്നു സംഭവം.
അതിനിടെ, അട്ടപ്പാടിയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ പൂര്‍ണ ഗര്‍ഭിണിയായ ആദിവാസി യുവതിയെ കമ്പില്‍ കെട്ടി ചുമന്ന് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലുടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് ജില്ലാ കലക്ടറോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ എം സി ജോസഫയ്ന്‍ അറിയിച്ചു.
റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ആശുപത്രിയിലെത്തിച്ച് 10 മിനിറ്റിനകം യുവതി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it