kozhikode local

റോഡില്‍ ജാഗ്രത: ബ്ലാക്ക് സ്‌പോട്ടുകള്‍ 100 കടന്നു

കോഴിക്കോട്: റോഡപകടങ്ങളിലെ മരണങ്ങള്‍ അടയാളപ്പെടുത്തുന്ന ബ്ലാക് സ്‌പോട്ടുകള്‍ നൂറിലേക്ക് കടന്നതായി സിറ്റി പോലിസ് കമ്മീഷ്ണര്‍ എസ് കാളിരാജ് മഹേഷ്‌കുമാര്‍ അറിയിച്ചു. നഗരത്തിലെ റോഡുകളില്‍ നടന്ന അപകടമരണങ്ങള്‍ 68 ഇടങ്ങളില്‍ ഇതിനകം അടയാളപ്പെടുത്തി കഴിഞ്ഞു. നടക്കാവ് സല്‍ക്കാര ഹോട്ടലിനു മുന്‍വശത്തെ അപകടമാണ് നൂറാമതായി അടയാളപ്പെടുത്തുക. കഴിഞ്ഞ വര്‍ഷം നഗരത്തി ല്‍ ഉണ്ടായ 168 അപകടങ്ങളില്‍ 184 പേരാണ് മരിച്ചത്. ഇതില്‍ 108 പേരും ഇരുചക്രവാഹനക്കാരാണ്. ഹെല്‍മറ്റ് ധരിക്കാന്‍ വിമുഖത കാണിക്കുന്നു എന്നതാണ് മരണ നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായത്. മരിച്ചവരില്‍ ഏറെപേരും തലക്ക് പരിക്കേറ്റവരാണ്. രാമനാട്ടുകര, നല്ലളം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകട മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന മൂഴിക്കല്‍ ഭാഗത്ത് പ്രത്യേക അപകട സൂചകങ്ങള്‍ സ്ഥാപിക്കും. നഗരത്തിലെ അഞ്ച് ഇടങ്ങളിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടെ ഘടന റോഡ് അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപ്പാക്കും. സ്വകാര്യ ബസ്സുകളുടെ അമിത വേഗവും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന അപകടങ്ങളില്‍ 30 ശതമാനവും ബസുകള്‍ ഉണ്ടാക്കിയതാണ്. സ്വകാര്യ ബസ്സുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിന് പഞ്ചിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടേയും ഡ്രൈവര്‍മാരുടേയും പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും വര്‍ദ്ധിച്ചു വരികയാണ്. സീബ്രാ ലൈനിലൂടെയല്ലാതെ അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നത് ഒരുപരിധിവരെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇതിനെതിരേ വിപുലമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തി പിഴ ഈടാക്കുന്നതിന് 47 സ്ഥലങ്ങളില്‍കൂടി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. 74 കാമറകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ മോണിറ്ററിങ് കേന്ദ്രത്തില്‍ ഇരുന്നുകൊണ്ട് നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ചനകീയ പങ്കാളിത്തത്തോടെ നഗര പരിധിയില്‍ നൂറ് കാമറ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത നിയമ ലംഘനം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിന് ഫേസ്ബുക്ക് ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളുടെ സാധ്യത വിപുലപ്പെടുത്തുമെന്നും സിറ്റി പോലിസ് കമ്മിഷ്ണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it