thrissur local

റോഡിലെ സംരക്ഷണ കുറ്റികള്‍ സംരക്ഷണം തേടുന്നു

മാള: റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ച ഗ്ലാഡ്‌സ്‌റ്റോണ്‍ എന്ന സംരക്ഷണ കുറ്റികള്‍ സംരക്ഷണം തേടുന്നു. കൊടുങ്ങല്ലൂര്‍, പൊയ്യ-പൂപ്പത്തിഎരവത്തൂര്‍ അത്താണി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിലെ സംരക്ഷണ കുറ്റികളാണ് സംരക്ഷണം തേടുന്നത്. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പേ തന്നെ ഇവ വീഴുകയാണ്.
റോഡിലെ എരവത്തൂരിനും കൊച്ചുകടവിനും ഇടയില്‍ വരുന്ന ഭാഗത്ത് മുളക്കാംപിള്ളി വളവില്‍ സ്ഥാപിച്ച കുറ്റികളില്‍ ചിലത് കാര്യമായ ആഘാതം ഏല്‍ക്കാതെ തന്നെ മറിഞ്ഞു വീണിരിക്കയാണ്. വലിയ ഇറക്കത്തോടൊപ്പം വളവുമുള്ള ഈ ഭാഗത്ത് അപകടം പതിയിരിക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാനാകാത്ത തരത്തില്‍ മതിലും മരങ്ങളും നില്‍ക്കുന്നത് അപകട ഭീഷണി കൂട്ടുകയാണ്. എരവത്തൂര്‍ നിന്നും വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ടാല്‍ പാടശേഖരത്തിലേക്ക് മറിയാനുള്ള സാദ്ധ്യതയുണ്ട്. ഈ ഭാഗത്ത് തന്നെയാണ് കെ എസ് ഇ ബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ ഇരിക്കുന്നത്.
വാഹനങ്ങള്‍ റോഡിനരികിലുടെയുള്ള ജലസേജന കനാലും കടന്ന് പാടശേഖരത്തിലേക്ക് പോകാതിരിക്കാനായി ഇവിടെ ശക്തമായ സംരക്ഷണ ഭിത്തി വേണ്ടതാണ്. എന്നാല്‍ അതിന് പകരം ഏതാനും ഗ്ലാഡ്‌സ്‌റ്റോണുകള്‍ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. അതും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ. കല്‍കെട്ടിന് മേലെ കോണ്‍ഗ്രീറ്റ് ചെയ്ത് സംരക്ഷണഭിത്തി പണിയേണ്ടതിന് പകരമായി നേരത്തെ പണിതിട്ട കുറ്റികള്‍ സ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. ശരാശരി ഒന്നരടി താഴേക്ക് കോണ്‍ഗ്രീറ്റ് ചെയ്യേണ്ടതുണ്ടെങ്കിലും ഒരടി പോലും താഴ്ത്താതെയാണ് കുറ്റികള്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് നാട്ടുകാരില്‍ നിന്നുമുള്ള ആക്ഷേപം. ചെറിയൊരു വാഹനം ചെറുതായൊന്ന് തട്ടിയാല്‍ മറിഞ്ഞു വീഴുന്ന തരത്തിലാണ് കുറ്റികള്‍ സ്ഥാപിച്ചിരിക്കുന്നത്. വീതി കുറഞ്ഞ റോഡില്‍ ഇത്തരത്തിലുള്ള ഒട്ടേറെ അപകട ഭീഷണിയാണ് പതിയിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തിടുക്കപ്പെട്ട് പണിത റോഡിലുള്ള അപാകതകളിലൊന്നാണിത്. തിടുക്കപ്പെട്ട് പണിതെങ്കിലും കൊച്ചുകടവ് മുതല്‍ പൊയ്യ വരെ 25 ശതമാനം പോലും പണി പൂര്‍ത്തീകരിക്കാതെ തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനവും നടത്തിയെങ്കിലും പണികള്‍ ഇനിയും അവശേഷിക്കുന്നതിനാല്‍ വാഹന ഗതാഗതത്തിനു വേണ്ടി ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന് മുന്‍പായാണ് ഇത്തരത്തിലുള്ള അപാകതകളും തകര്‍ച്ചയും. ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.
Next Story

RELATED STORIES

Share it