kasaragod local

റോഡിലെ കുഴി അടയ്ക്കാന്‍ ഗതാഗതം തിരിച്ചുവിട്ടു



ബദിയടുക്ക: റോഡ് അറ്റകുറ്റ പ്രവര്‍ത്തനത്തിന്റെ പേരില്‍ ദിവസങ്ങളോളം റോഡ് അടച്ചിട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ചെര്‍ക്കള-കല്ലടുക്ക റോഡില്‍ നെല്‍ക്കക്ക് സമീപം ഗോളിത്തടുക്കയില്‍ തകര്‍ന്ന റോഡിലെ കുഴികള്‍ അടക്കുന്നതിന് വേണ്ടി ഗതാഗതം തിരിച്ചുവിട്ടിരുന്നു. പി ബി അബ്ദുര്‍റസാഖ് എംഎല്‍എ ഇടപെട്ടതിന്റെ ഫലമായി ഉക്കിനടുക്ക പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഗേറ്റ് മുതല്‍ ഇടിയടുക്ക വരെ കുഴി അടച്ച് ടാറിങ് നടത്താനും ഗോളിത്തടുക്കയില്‍ ഇന്റര്‍ലോക്ക് ഘടിപ്പിക്കാനും അഡ്ക്കസ്ഥലയില്‍ കോണ്‍ക്രീറ്റ് ചെയ്യാനും പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ നല്‍കിയിരുന്നു. ഉക്കിനഡുക്ക മുതല്‍ ഇടിയടുക്ക വരെയുള്ള സ്ഥലത്തെ പ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തി വച്ച് കരാറുകാരന്‍ നെല്‍ക്കക്ക് സമീപം ഗോളിത്തടുക്കയില്‍ വീതി കുറഞ്ഞ റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടത്തുന്നതുമായി ബന്ധപ്പെട്ട് പെര്‍ള ചെക്ക് പോസ്റ്റ് മുതല്‍ അഡ്ക്കസ്ഥല വരെ റോഡ് പൂര്‍ണമായും അടച്ചിട്ടു. ഇതോടെ ബസ് ഉള്‍പ്പെടെ വലുതും ചെറുതുമായ എല്ലാ വാഹനങ്ങളും പെര്‍ള ചെക്ക് പോസ്റ്റ് സമീപത്ത് നിന്നും കാട്ടുകുക്കെ പെര്‍ളത്തടുക്ക, മൊഗേര്‍ വഴി അഡ്ക്കസ്ഥലയിലേക്ക് തിരിച്ച് വിട്ടിരുന്നു. പല സ്ഥലങ്ങളിലും റോഡ് ഇടുങ്ങിയതും വലിയ വളവുള്ളതിനാലും ഒരേ സമയത്ത് രണ്ടു വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാതെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്കേറ്റവും പതിവായിരിക്കുകയാണ്. കാസര്‍കോട് പുത്തൂര്‍ റോഡില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വകാര്യ ബസുകളും ഇത് വഴിയാണ് കടന്ന് പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാല്‍ ഒരേ സമയത്ത് ഇരു വാഹനങ്ങള്‍ക്ക് കടന്ന് പോകുവാന്‍ പറ്റാത്തത് മൂലം മണിക്കുറുകള്‍ വൈകുന്നതിനാല്‍ ബസ്സുകള്‍ പകുതി വഴിയില്‍ സര്‍വീസ് നിര്‍ത്തിവെക്കുകയാണ്. റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it