thrissur local

റോഡിന്റെ പുനര്‍നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ രംഗത്ത്



മാള: ഗ്രാമപ്പഞ്ചായത്തിലെ മാരേക്കാട്  നെടുംകുന്ന്  കാട്ടിക്കരകുന്ന് റോഡിന്റെ   പുനര്‍നിര്‍മാണം അനിശ്ചിതമായി നീളുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ഫണ്ട് അനുവദിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റോഡ് പുനര്‍ നിര്‍മാണം നടത്താത്ത നടപടിക്കെതിരേ സമരം ആരംഭിക്കുന്നതിനായി ഗുരുദേവനഗര്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. വര്‍ഷങ്ങളേറെയായി തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുന്നത് കാരണം പ്രദേശ വാസികളുടെ യാത്ര ദുരിത പൂര്‍ണമാണ്. മാരേക്കാട്  നെടുംകുന്ന് റോഡ് ഏഴ് വര്‍ഷത്തോളമായി പുനര്‍ നിര്‍മാണം നടത്താത്തത് കാരണം ടാറിങ് മുഴുവന്‍ ഇളകി പോയി കല്ലുകള്‍ ഇളകി കിടക്കുന്ന അവസ്ഥയിലാണ്. കൂടാതെ ജലനിധിക്ക് പൈപ്പിടുന്നതിനായി റോഡ് പൊളിച്ചത് കൂടുതല്‍ ശോച്യാവസ്ഥക്ക് കാരണമായി. ഓട്ടോ റിക്ഷകളും ടാക്‌സികളും ഈ വഴിക്ക് വാടകക്ക് വരാന്‍ പോലും മടിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഈ റോഡിന്റെയും മറ്റ് അഞ്ച് റോഡുകളുടെയും പുനര്‍നിര്‍മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഭരണമാറ്റം റോഡ് നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചതായിട്ടാണ് സൂചന. മാരേക്കാട് നെടുംകുന്ന് റോഡിന്റെ പുനര്‍ നിര്‍മാണം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ യോഗം സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത്  പ്രസിഡന്റ് പി കെ സുകുമാരന്‍, വാര്‍ഡംഗം ശ്രീജിത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഒരാഴ്ചക്കുള്ളില്‍ റോഡ് നിര്‍മാണം തുടങ്ങുമെന്ന പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ഒരാഴ്ചത്തേക്ക് നീട്ടിയിരിക്കുകയാണ്. കരാറുകാരന്റെ വീട്ടുപടിക്കലും പഞ്ചായത്ത് ഓഫിസിന് മുന്നിലും സമരം തുടങ്ങാനാണ് തീരുമാനം. അനില്‍ കുമാര്‍, മനാഫ്, നജീബ് അന്‍സാരി, രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it