kozhikode local

റോഡിനോട് അവഗണന ; നാട്ടുകാര്‍ നിയമ നടപടിക്കൊരുങ്ങുന്നു



വടകര : മണിയൂര്‍ പഞ്ചായത്തിലെ നാല്‍പ്പതിലേറെ വര്‍ഷം പഴക്കമുള്ള രണ്ട് പൊതുമരാമത്ത് റോഡുകള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അറ്റകുറ്റ പണികള്‍ പോലും നടത്താതെ ഗതാഗത യോഗ്യമാല്ലാതായി കിടക്കുകയാണെന്നും ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെയും, ഹൈകോടതിയെയും സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും റോഡ് സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡിന് സംസ്ഥാന ബജറ്റില്‍ 15 കോടി വകയിരുത്തിയതില്‍ കിഫ്ബിയുടെ ഫണ്ട് ലഭ്യമായിട്ടും ലാന്‍ഡ്അക്യുസിഷന്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അറ്റകുറ്റ പണികള്‍ക്കായി നാല് മാസം മുമ്പ് ടെണ്ടര്‍ വിളിച്ചിട്ടും ജലനിധിക്കായി റോഡില്‍ കുഴിച്ച ഇനത്തില്‍ പൊതുമരാമത്ത് വകുപ്പിലേക്കടച്ച 13 ലക്ഷം രൂപയും വിനിയോഗിച്ചിട്ടില്ല. മുടപ്പിലാവില്‍-കുറുന്തോടി റോഡില്‍ 7 ലക്ഷം രൂപയുടെ ടെണ്ടര്‍ എടുത്തിട്ടും കരാറുകാരന്‍ പണി നടത്തിയിട്ടില്ല. റോഡ് ഉണ്ടാക്കിയ ശേഷം ഇതുവരെ റീ ടാറിംഗ് നടത്തിയിട്ടില്ല. പഞ്ചായത്തില്‍ എന്ജിനിയറിങ് കോളജടക്കം പത്തോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെക്കുള്ള യാത്ര അതീവ ദുരിത പൂര്‍ണ്ണമാണെന്നും ഇവര്‍ പറഞ്ഞു. മാത്രമല്ല ഈ റൂട്ടിലൂടെ ഓടുന്ന ബസ് സര്‍വ്വീസുകള്‍ പെര്‍മിറ്റ് ഒഴിവാക്കി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. റോഡിന്റെ ശോച്യാവസ്ഥ കണ്ടിട്ടും അനാസ്ഥ തുടരുന്ന അധികൃതരുടെ നടപടിയില്‍ നവംബര്‍ ഒന്നിന് കുറുന്തോടിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എംസി നാരായണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it