Kollam Local

റോഡരുകില്‍ കിടക്കുന്ന കൂറ്റന്‍ മരങ്ങള്‍ അപകട ഭീതി ഉയര്‍ത്തുന്നു



തെന്‍മല: ദേശീയപാത 744 ല്‍ ആര്യങ്കാവ് മേഖലയില്‍ റോഡരുകില്‍ കിടക്കുന്ന കൂറ്റന്‍ മരങ്ങള്‍ അപകട ഭീതി ഉയര്‍ത്തുന്നു. ലേലം ചെയ്ത് വില്‍ക്കുവാന്‍ നടപടികളില്ലാത്തതിനാല്‍ ലക്ഷങ്ങള്‍ നഷ്ടമാകുന്നു. കഴുതുരുട്ടി ജങ്ഷന് സമീപം കിടക്കുന്ന കൂറ്റന്‍ ഇലവ് മരം മുറിച്ചിട്ടിട്ട് ആറ് മാസത്തിലധികമായി. പൊതുവേ വീതി കുറവായ ഇവിടെ മരം കൂടി മുറിച്ച് ഇട്ടതോടെയാണ് അപകടങ്ങള്‍ പതിവായതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കുന്നിക്കോട് നിന്നും  പാലരുവിയില്‍ പോയി മടങ്ങിയ കാറിലെത്തിയ കുടുംബവും തെന്മല സ്വദേശിയായ ബൈക്ക് യാത്രക്കാരനായ യുവാവും അപകടത്തില്‍പ്പെട്ട് പരിക്കേറ്റതാണ് അവസാനത്തെ സംഭവം. അപകടം തുടര്‍ക്കഥയായതോടെ പൊതു പ്രവര്‍ത്തകര്‍ ദേശീയപാത അധികൃതരെ വിവരമറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞ് നോക്കിയിട്ടില്ല.തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചും അമിതവേഗതയില്‍ പായുന്ന പത്തും പന്ത്രണ്ടും അതിലധികവും വീലുകളുള്ള ടോറസ് ലോറികള്‍ എത്തുമ്പോള്‍ വശം കൊടുക്കുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. ദീര്‍ഘനാളായി ഇവിടെ കിടക്കുന്ന മരത്തിന് ചുറ്റും കാടും കയറിയതോടെ മരം കാണാന്‍ പറ്റാത്തത്  കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ദേശീയപാതയോരത്ത് അപകട ഭീതി ഉയര്‍ത്തി നില്‍ക്കുന്നതും റോഡരുകില്‍ വെട്ടി ഇട്ടിരിക്കുന്ന മരങ്ങളും  അടിയന്തരമായി  ലേലം ചെയ്ത് വില്‍ക്കുവാന്‍ നടപടികളെടുക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it