Kollam Local

റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

ചടയമംഗലം: ഇറച്ചിക്കടകളില്‍ നിന്നുള്ള മാട്ടിറിച്ചി അവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നെന്ന് പരാതി.
ചിതറ ഗ്രാമപ്പഞ്ചായത്തിലെ മടത്തറ തുമ്പമണ്‍തൊടി, കൊച്ചുമുള്ളിക്കാട് മേഖലകളിലാണ് രാത്രിയില്‍ ഇറച്ചി വേസ്റ്റുകള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുന്നത്.
ഉല്‍സവ സീസണുകളില്‍ പ്ലാസ്റ്റിക് കവറിനുപകരം ചാക്കില്‍കെട്ടിയാണ് ഇറച്ചിവേസ്റ്റുകള്‍ വലിച്ചെറിയുന്നത്.കൊച്ചുമുള്ളിക്കാട് കൊല്ലായില്‍ റോഡില്‍ തുമ്പമണ്‍തൊടിയില്‍ കുടിവെള്ളപദ്ധതിയുടെ കിണറിനുസമീപമാണ് ഇറച്ചിവേസ്റ്റുകള്‍ വലിച്ചെറിയുന്നത്. സമീപ പ്രദേശങ്ങളിലുള്ള കശാപ്പുശാലകളില്‍ നിന്നാണ് വേസ്റ്റുകള്‍ ഇവിടെ തള്ളുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്.
അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്രപോലും ദുസഹമായിരിക്കുകയാണ്. റോഡിനുവശത്തുള്ള ആളോഴിഞ്ഞ പുരയിടങ്ങളിലും രാത്രിയില്‍ വേസ്റ്റുകള്‍ നിക്ഷേപിക്കുന്നതായി പരാതിയുണ്ട്.
ചില ഭാഗങ്ങളില്‍ കവറിലാക്കിയ ഇറച്ചി വേസ്റ്റുകള്‍ റോഡിനുവശത്തും വലിച്ചെറിയുന്നു.
മഴ പെയ്യുമ്പോഴാണ് ദുര്‍ഗന്ധം കൂടുതലായി വമിക്കുന്നത്. ഇറച്ചി അവശിഷ്ടം സ്ഥിരമായി ഇവിടെ നിക്ഷേപിക്കുന്നതുമൂലം കാക്കകളുടേയും തെരവുനായ്ക്കളുടേയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശം. കാക്കകള്‍ കൊത്തിയെടുക്കുന്ന ഇറച്ചിവേസ്റ്റുകള്‍ സമീപത്തെ വീടുകള്‍ക്കുമുന്നില്‍ കൊണ്ടിടുന്നതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു. മുമ്പ് ഇറച്ചിവേസ്റ്റുകള്‍ നിക്ഷേപിക്കാനെത്തിയ സംഘത്തെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് പിടിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് നിരവധി തവണ പഞ്ചായത്ത് ഭരണസമിതിയേയും ആരോഗ്യവകുപ്പ് അധികൃതരേയും വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് രാത്രിയില്‍ നിക്ഷേപിക്കുന്ന ഇറച്ചിവേസ്റ്റുകള്‍ അടിയന്തിരമായി അവിടെനിന്നും മാറ്റുന്നതിനും വേസ്റ്റുകള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it